വിവാദങ്ങള്‍ക്ക് അന്ത്യം ധോണി ഗ്ലൗവിലെ ബലിദാന്‍ ചിഹ്നം ഒഴിവാക്കി
ലണ്ടന്‍: സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി കീപ്പിങ് ഗ്ലൗസില്‍ പ്രദര്‍ശിപ്പിച്ച ബലിദാന്‍ ബാഡ്ജ് ഐ.സി.സി നിര്‍ദേശപ്രകാരം ഒഴിവാക്കി.
ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ പുതിയ കീപ്പിങ് ഗ്ലൗ ധരിച്ച് ധോണിയെത്തിയതോടെ വിവാദങ്ങള്‍ക്ക് വിരാമമായി. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലാണ് ധോണി ഗ്ലൗസില്‍ ബലിദാന്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചത്. സംഭവം ഐ.സി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അത് അടുത്തമത്സരത്തില്‍ മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ബി.സി.സി.ഐ ഇക്കാര്യത്തില്‍ ഐ.സി.സിക്ക് കത്തയച്ചെങ്കിലും നിയമാവലിക്ക് വിരുദ്ധമാകയാല്‍ അനുവദിക്കില്ലെന്നായിരുന്നു ഐ.സി.സിയുടെ നിലപാട്.
പക്ഷേ ഐ.സി.സിയുടെ ഈ നിര്‍ദേശത്തിനെതിരേ മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും പ്രതിഷേധം അറിയിച്ചിരുന്നു. ഇവരെ കൂടാതെ ഓവലില്‍ ഇന്ത്യ- ആസ്ത്രേലിയ മത്സരം കാണാനെത്തിയ ആരാധകര്‍ ബലിദാന്‍ ബാഡ്ജ് ബാനറുകളിലും മറ്റും ഉയര്‍ത്തിക്കാട്ടി ഐ.സി.സിയോടുള്ള കലിപ്പ് തീര്‍ത്തു.
ഐ.സി.സി നിലപാട് കടുപ്പിച്ചതോടെ കാണികള്‍ ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണം ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധയിലെത്തിക്കാനും ഇപ്പോഴത്തെ വിവാദത്തിന് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."