പുഞ്ചക്കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി നെല്‍കര്‍ഷകര്‍
ഏറ്റുമാനൂര്‍: മഹാപ്രളയത്തിന് ശേഷം വറ്റിവരണ്ട പാടങ്ങളില്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധയില്‍. ഇന്‍ഷുറന്‍സ് പരിരക്ഷ, സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നവംബര്‍ 15ന് മുന്‍പ് പുഞ്ചകൃഷി ഇറക്കിയിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൂടിയായപ്പോള്‍ പ്രളയത്തില്‍ മുങ്ങിയ കര്‍ഷകര്‍ ആകെ വെട്ടിലായി.
നവംബര്‍ 15ന് മുന്‍പ് വിത പൂര്‍ത്തിയാക്കി മാര്‍ച്ച് 31ന് മുന്‍പ് വിളവെടുപ്പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. കൊടുംവേനലിനെക്കാളും രൂക്ഷമായ അവസ്ഥയില്‍ സംസ്ഥാനത്തൊട്ടാകെ പാടങ്ങള്‍ വറ്റിവരണ്ടിരിക്കുകയാണ്. കുട്ടനാടന്‍ മേഖല ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം വിണ്ടുകീറിയ പാടത്ത് മൂന്ന് അടിവരെ താഴെയാണ് ജലനിരപ്പ് ഇപ്പോള്‍. ഇതിന് പുറമെയാണ് പ്രളയത്തില്‍ ഒഴുകിയടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും.
ഈ പ്രതിസന്ധികള്‍ തരണം ചെയ്ത് ഏതുവിധേനയും കൃഷിക്ക് നിലമൊരുക്കാമെന്ന് കരുതിയാല്‍ നെല്‍വിത്ത് കൃത്യസമയത്ത് കിട്ടുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. പുഞ്ചകൃഷിക്കായി ഒക്ടോബറിലാണ് നെല്‍വിത്ത് സര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. പ്രളയത്തെ തുടര്‍ന്നുള്ള പ്രതികൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടുത്ത മാസം വിത്ത് ലഭിക്കുമോ എന്ന കാര്യത്തില്‍ കൃഷി ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പില്ലെങ്കിലും വിത്ത് ആവശ്യമുള്ള പാടശേഖര സമിതികളുടെ ലിസ്റ്റ് കൃഷിഭവനുകള്‍ വഴി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
സാധാരണ തുലാവര്‍ഷത്തിനു ശേഷമാണ് പലയിടത്തും പുഞ്ചകൃഷിക്ക് കര്‍ഷകര്‍ കളമൊരുക്കുക. രണ്ട് പ്രളയങ്ങള്‍ക്കുശേഷം ഇനി തുലാവര്‍ഷം തങ്ങളെ ചതിക്കുമോ എന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്. നവംബര്‍ 15ന് മുന്‍പ് പുഞ്ചകൃഷിയ്ക്ക് വിതക്കണമെന്ന് പറയുമ്പോഴും തുലാം മാസം നവംബര്‍ 16 വരെയുണ്ടെന്ന കാര്യവും അധികൃതര്‍ മറന്ന മട്ടാണ്. കാലം മാറി മഴ പെയ്യുക കൂടി ചെയ്താല്‍ വിതയ്ക്കുന്നതും കൊയ്യുന്നതും പിന്നെയും താമസിക്കും. ചിലപ്പോള്‍ കൃഷി നശിക്കാനും ഇടയാകും. ഇന്‍ഷുറന്‍സ് പരിരക്ഷയും സബ്‌സിഡിയും ഇല്ലാതാക്കുവാനും ഇത് കാരണമായേക്കാം. കഴിഞ്ഞ വര്‍ഷം സമയത്ത് കൊയ്ത്ത് നടന്നില്ല എന്ന കാരണം പറഞ്ഞ് പലരുടെയും ഇന്‍ഷ്വറന്‍സ് ക്ലയിം നിരസിച്ചിരുന്നു.
കോട്ടയം ജില്ലയിലെ പേരൂരില്‍ ഒരു സംഘം കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ലഭിച്ചില്ല എന്ന കാരണത്താല്‍ ഇക്കുറി കൃഷി ഉപേക്ഷിക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ കാണുന്ന വരള്‍ച്ച ഈ വിധം തുടര്‍ന്നാല്‍ അതും വന്‍ പ്രതിസന്ധിയിലേക്കാണ് കാര്‍ഷിക മേഖലയെ കൊണ്ടെത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."