നിപ ഭീതിയുടെ നെഞ്ചിടിപ്പില്‍ നിന്ന് കേരളം കരകയറുന്നു
കൊച്ചി: നിപ ഭീതിയില്‍ നിന്ന് കേരളം പതുക്കെ കരകയറുന്നു. പുതുതായി ഇതുവരേ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ നിപ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 52 പേര്‍ക്കും നിപ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കലക്ടറും വ്യക്തമാക്കിയതോടെയാണ് ഏറെ നീണ്ട ആശങ്കകള്‍ക്ക് അറുതിയാകുന്നത്.
കഴിഞ്ഞ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയില്‍ ഇത്തവണ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസവുമായി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകത്തത് ഇന്നും ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും ജാഗ്രതയില്‍ തന്നെയാണ് ആരോഗ്യ വകുപ്പ്.
കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പനിയും ചില രോഗലക്ഷണങ്ങളുമായി ഇന്നലെ എത്തിയ രോഗിക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോഴുള്ള ഏഴ് പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാകുകയാണ്.
നിപ രോഗലക്ഷണങ്ങളുമായി ഇന്നലെ വരെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത് 11 പേരാണ്. ഇന്നലെ അസുഖം ഭേദമായതിനെത്തുടര്‍ന്ന് അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെയുള്ളത് ആറുപേരാണ്. ഇവര്‍ക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച 12 പേര്‍ക്കും രോഗബാധയില്ലെന്ന് വ്യക്തമായി.
രോഗിയുമായി ബന്ധം പുലര്‍ത്തി 14 ദിവസത്തിനകമാണ് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. ഇവരുടെ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."