എന്നു തീരും ഈ യാത്രാ ദുരിതം; മുത്തേടത്തുകാവ്- കോട്ടച്ചിറ റോഡ് തകര്‍ന്നു
വൈക്കം: ഇതുവഴിയാത്ര ചെയ്യണമെങ്കില്‍ ഡ്രൈവിങ് മാത്രം പഠിച്ചാല്‍ പോരാ ഭാഗ്യം കൂടി വേണം. അല്ലെങ്കില്‍ വീഴുമെന്നുറപ്പ്. തകര്‍ന്നു ടാര്‍ പോയി കിടക്കുന്ന റോഡ് മഴ പെയ്താല്‍ പിന്നെ പുഴയ്ക്ക് സമം.
സര്‍ക്കസ് കളിക്കാരേക്കാള്‍ മിടുക്ക് കാണും മുത്തേടത്തുകാവ്- കോട്ടച്ചിറ റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക്. എറണാകുളത്തുനിന്ന് കുമരകത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് റോഡിന്റെ ദുരവസ്ഥ തന്നെ. ഒരു തവണ യാത്ര ചെയ്താല്‍ പലരും പിന്നീട് ഈ റോഡിലൂടെ വരില്ലെന്ന് ഉറപ്പ്.
കരിയാര്‍ സ്പില്‍വേ യാഥാര്‍ഥ്യമായതോടെ ഗതാഗതത്തിരക്കേറിയ ടി.വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ്-കോട്ടച്ചിറ റോഡിന്റെ അവസ്ഥ തീര്‍ത്തും ദയനീയമെന്ന് പറയാതെ വയ്യ.
കാല്‍നട യാത്ര പോലും റോഡില്‍ അപ്രാപ്യം. മാസങ്ങള്‍ക്ക് മുന്‍പ് വെച്ചൂര്‍-വൈക്കം റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മൂത്തേടത്തുകാവ് റോഡിലൂടെയാണ് തിരിച്ചുവിട്ടിരുന്നത്.
തിരക്ക് വര്‍ദ്ധിച്ചതോടെ റോഡിലെ മെറ്റലുകള്‍ ഇളകിത്തുടങ്ങി. ഇപ്പോള്‍ മെറ്റലുകള്‍ പൂര്‍ണമായും ഇല്ലാതായതോടെ വലിയ കുഴികള്‍ രൂപപ്പെട്ടു.
മഴക്കാലമായതോടെ ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കാനും തുടങ്ങി. ഇതോടെ റോഡ് കുളമായി. ചിലപ്പോള്‍ യാത്രക്കാരെ കാത്തുകിടക്കുന്ന അപകടക്കെണിയും.ഇത്തരത്തില്‍ നിരവധി വിശേഷണങ്ങളാണ് നാട്ടുകാര്‍ റോഡിനിട്ടിരിക്കുന്നത്. ഒരു വാഹനം വന്നാല്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്.
വസ്ത്രങ്ങളില്‍ ചെള്ള പറ്റിയില്ലെങ്കില്‍ ഇതുവഴി നടന്നു പോകുന്നവരുടെ ഭാഗ്യം, അല്ലാതെന്തുപറയാന്‍.
ഇത് പറയുന്നത് കാല്‍നടയാത്രക്കാര്‍ തന്നെ. കുമരകത്തിന്റെയും വെച്ചൂരിന്റെയും സൗന്ദര്യമാസ്വദിക്കാനെത്തുന്നവര്‍ക്ക് മികച്ച ഗതാഗത സൗകര്യമൊരുക്കുവാന്‍ അധികൃതര്‍ തയാറല്ലെന്ന ആക്ഷേപം ശക്തമാണ്.
പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ടി.വി പുരം പഞ്ചായത്തിന്റെ അധീനതയില്‍പ്പെടുന്ന റോഡില്‍ വലിയ ഫണ്ട് മുടക്കാനുള്ള സാമ്പത്തികശേഷിയൊന്നും പഞ്ചായത്തിനില്ലെന്നാണ് അധികൃതരുടെ വാദം.
വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിനെ ഇടപെടുത്തി ഫണ്ടുകള്‍ അനുവദിപ്പിക്കുവാന്‍ എം.പിയും, എം.എല്‍.എയും രംഗത്തുവരണമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."