പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തെ സംബന്ധിച്ച് രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്കപ്പുറം വസ്തുതകളുടെ പിന്തുണയുള്ള പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നും കേസ് അന്വേഷണം നിഷ്പക്ഷമായും ശരിയായ രീതിയിലുമാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതായും വൈശാഖ് എന്ന പൊലിസുകാരന്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നുവെന്നും ഇത് കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ചട്ടമനുസരിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ശിക്ഷയില്‍ കിടക്കുന്ന പ്രതികള്‍ പരോളിലിറങ്ങി കുറ്റംചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. ഇത് ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനപാലനം നല്ല രീതിയിലാണ് നടക്കുന്നത്.
പൊലിസിലുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമായി ജനങ്ങളുമായി ഇടപെടലുണ്ടാകുന്ന എസ്.ഐമാരുടെ സ്ഥാനത്ത് സി.ഐമാര്‍ വരും.
ഡിവൈ.എസ്.പിമാര്‍ക്കും ഐ.ജിമാര്‍ക്കുമിടയില്‍ ക്രമസമാധാന പാലനം നോക്കുന്നതിന് ഡി.ഐ.ജിമാരുണ്ടാകും. സ്റ്റേഷന്‍തലത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റേഷനുകളിലെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും നടത്തുന്നതിന് വെവ്വേറെ എസ്.ഐമാരെ ഉപയോഗപ്പെടുത്താനാകുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും. പൊലിസിന്റെ മറ്റു വിഭാഗങ്ങളില്‍ എ.ഡി.ജി.പിമാരുടെ ശ്രദ്ധ കൊണ്ടുവരുന്നതിനും അവ കൂടുതല്‍ ഫലപ്രദമാകുന്നതിനും ഈ മാറ്റം ഉപകരിക്കും. മോദിപ്പേടി പോലെ കേരളത്തില്‍ പിണറായിപ്പേടിയില്ല. പേടിയുടെ അന്തരീക്ഷം പോലും സംസ്ഥാനത്തില്ല.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവിടെ ആ സ്ഥിതിയില്ല. വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇപ്പോഴും ജോലി അതുപോലെ ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."