കുറ്റവാളികളെ കൈമാറുന്ന വിവാദ ബില്ലുമായി ഹോങ്കോങ് മുന്നോട്ട്
ഹോങ്കോങ്: ശക്തമായ പ്രതിഷേധമുണ്ടായിട്ടും കുറ്റവാളികളെ കൈമാറുന്ന വിവാദ ബില്ലുമായി ഹോങ്കോങ് മുന്നോട്ട്. കുറ്റവാളികളെ ചൈനയിലേക്ക് കൈമാറുന്ന പദ്ധതി റദ്ദാക്കില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. ഈ നിയമം അനിവാര്യമാണ്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞു. ചൈനക്ക് കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമാണ് ഹോങ്കോങ്.
ബില്ലിനെതിരേ കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ പതിനായിരക്കണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ റാലി നടന്നിരുന്നു. പൊലിസിനും മാധ്യമപ്രവര്ത്തകര്ക്കുമിടയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലിസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.
രാഷ്ട്രീയ, വ്യാപാര പ്രശ്നങ്ങള്‍ എന്നീ കേസുകളില്‍ ഉള്‍പ്പെടുന്നവരെ ഈ നിയമത്തിലൂടെ ചൈനക്ക് കൈമാറുമെന്നും ഇത് അര്‍ധ സ്വയംഭരണ അധികാരത്തെ തകര്‍ക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 30 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ റാലിയാണ് നടന്നതെന്ന് സംഘാടകരായ സിവില്‍ ഹ്യൂമണ്‍ റൈറ്റ്സ് ഫ്രണ്ട് പറഞ്ഞിരുന്നു.
1989ല്‍ ടിയാന്മന്സ്ക്വയര് പ്രതിഷേധത്തെ പിന്തുണച്ച് ഹോങ്കോങ്ങില്‍ നടന്ന റാലിയില്‍ 15 ലക്ഷം ആളുകളാണ് പങ്കെടുത്തത്.
ബില്ലിനെതിരേ നാളെ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സംഘാടക സമിതി ഓര്‍ഗനൈസര്‍ ജിമ്മി ഷാം പറഞ്ഞു. അതിനിടെ പ്രതിഷേധക്കാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. വിദേശ ശക്തികളുടെ പിന്തുണയോടെയാണ് കുറ്റക്കാരെ കൈമാറുന്ന ബില്ലിനെതിരേ ചിലര്‍ ഹോങ്കോങ്ങില്‍ പ്രതിഷേധം നടത്തുന്നതെന്ന് ചൈനീസ് ദേശീയ ദിനപത്രമായ ചൈന ഡെയ്ലി മുഖപ്രസംഗത്തിലൂടെ കുറ്റപ്പെടുത്തി. സുതാര്യമായ വ്യക്തികള്‍ ബില്ലിനെ പിന്തുണക്കും.
കുറ്റവാളികളില്‍ നിന്ന് ഹോങ്കോങ്ങിനെ സുരക്ഷിതമാക്കുന്ന ബില്ലാണിതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഹോങ്കോങ് സര്‍ക്കാരിലുള്ള പിന്തുണ തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു.
നിയമനിര്‍മാണത്തിലുള്ള ബാഹ്യ ഇടപെടലുകളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."