പഞ്ചായത്തുകള്‍ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ ധന സഹായമുണ്ടാകും: മന്ത്രി തോമസ് ഐസക്ക്
കോട്ടയം : പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നവീകരിക്കുന്നതിന് പഞ്ചായത്തുകള്‍ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്.
കോട്ടയം മണ്ഡലത്തില്‍ ധനസമാഹരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രളയബാധിത പഞ്ചായത്തുകള്‍ പോലും അകമഴിഞ്ഞ് സംഭാവന നല്‍കിയിട്ടുണ്ട്. പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ യെടുക്കണം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്തെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ജനകീയ കൂട്ടായ്മ നവീകരണ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും.പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുതുക്കിപ്പണിയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിക്കാം.
നിലവിലെ അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കണം. മെയിന്റനന്‍സ് വര്‍ക്കുകള്‍ ഉടന്‍ തന്നെ ആരംഭിക്കണം. ഉടന്‍ തന്നെ ഈ റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."