മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട149 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് : കേരളത്തിലേത് ആദിത്യനാഥിന്റെ ഭരണത്തിന് തുല്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് സമാനമായ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ യു.പിയില്‍ അറസ്റ്റ് ചെയ്തു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട 149 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
നസീറിനെതിരെ നടന്ന കൊലപാതകശ്രമം ചൂണ്ടിക്കാട്ടി പാറയ്ക്കല്‍ അബ്ദുള്ള അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രാദേശിക നേതാക്കളാണ് നസീറിനെ ആക്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഷ്ട്രീയ അക്രമമല്ലെന്ന് വരുത്താനാണ് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ നേതാക്കളെല്ലാം നസീറിനെ കാണാന്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. വടകരയിലും തലശേരിയിലും പൊതുപ്രവര്‍ത്തകര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും പുനരാധിവാസ കേന്ദ്രം തന്നാല്‍ തങ്ങള്‍ അങ്ങോട്ടേയ്ക്ക് മാറാന്‍ തയാറാണെന്നും വടകരയിലെയും തലശേരിയിലെയും സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പാറയ്ക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. നസിര്‍ ആക്രമിക്കപ്പെട്ടത് വസ്തുതയാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് പൊലിസ് സ്വീകരിച്ചതെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."