റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍
പോര്‍ട് ഓഫ് സ്‌പെയിന്‍: വനിതാ ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ഓപണര്‍മാര്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചതുരാഷ്ട്ര ഏകദിന പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഓപണിങ് വിക്കറ്റില്‍ 320 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യന്‍ ഓപണര്‍മാരായ ദീപ്തി ശര്‍മയും പൂനം റൗത്തുമാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. വനിതാ ക്രിക്കറ്റില്‍ ഓപണിങ് വിക്കറ്റില്‍ 300 റണ്‍സില്‍ കൂടുതല്‍ റണ്‍സ് പിറക്കുന്നതും ആദ്യമാണ്. 160 പന്തില്‍ 27 ഫോറും രണ്ട് സിക്‌സും തൂക്കി ദീപ്തി 188 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് 19കാരിയായ താരം കുറിച്ചത്. സഹ ഓപണര്‍ പൂനം 116 പന്തില്‍ 11 ഫോറിന്റെ അകമ്പടിയോടെ 109 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ടായി. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്.
ഇരുവരുടേയും കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. ആദ്യമായാണ് ടീം സ്‌കോര്‍ 300 കടക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരേ നേരത്തെ സ്വന്തമാക്കിയ 298 റണ്‍സായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. മത്സരത്തില്‍ 249 റണ്‍സിന്റെ കൂറ്റന്‍ ജയം പിടിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയമെന്ന റെക്കോര്‍ഡും (റണ്‍സ് അടിസ്ഥാനത്തില്‍) സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 40 ഓവറില്‍ വെറും 109 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗെയ്ക്‌വാദും മൂന്ന് വിക്കറ്റ് വീഴ്ത്തി ശിഖ പാണ്ഡെയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ദീപ്തി ശര്‍മ മാന്‍ ഓഫ് ദി മാച്ചായി.
ചതുര്‍രാഷ്ട്ര പോരാട്ടത്തിനിടെ ഇന്ത്യന്‍ വനിതകള്‍ മൂന്ന് റെക്കോര്‍ഡുകളും കുറിച്ചു. നേരത്തെ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."