സി.ഒ.ടി നസീര്‍ വധശ്രമം: നിലവിലെ അന്വേഷണസംഘം തുടരും
തലശ്ശേരി: തലശ്ശേരി: സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ നിലവിലുള്ള അന്വേഷണ സംഘം തന്നെ തുടരും. അന്വേഷണ ഉദ്യോഗസ്ഥരായ സി.ഐ വിശ്വംഭരന്‍ നായര്‍ക്കും എസ്.ഐ ഹരീഷിനും തലശ്ശേരിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി ഇതര ജില്ലയില്‍ നിന്നെത്തിയ ഇവര്‍ക്കും തിരികെ മാറ്റം ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ചുമതല ഒഴിയാതെ കേസന്വേഷണത്തില്‍ തുടരാന്‍ ഇരുവര്‍ക്കും ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം നിര്‍ദേശം നല്‍കി. സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
ഉദ്യോഗസ്ഥരെ മാറ്റുന്നതു കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ കേസന്വേഷണത്തില്‍ തൃപ്തനല്ലെന്നു ചൂണ്ടിക്കാട്ടി ആക്രണത്തിനിരയായ സി.ഒ.ടി നസീറും രംഗത്തുവന്നിരുന്നു.
അതിനിടെ
അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടുപ്രതികളെ ചോദ്യംചെയ്യാനായി കോടതി പൊലിസ് കസ്റ്റഡിയില്‍വിട്ടു. കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ റോഷന്‍ (26) എന്നിവരെയാണ് ഏഴുദിവസത്തേക്ക് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍വിട്ടത്. ഇരുവരും കഴിഞ്ഞ ഏഴിനാണു കോടതിയില്‍ കീഴടങ്ങിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന പൊലിസിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. പൊലിസിന്റെ കണ്ണുവെട്ടിച്ചാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയിരുന്നത്. നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ ഇവരില്‍നിന്ന് വിവരം ലഭിക്കുമെന്നാണ് പൊലിസിന്റെ നിഗമനം.
അതിനിടെ, കേസിലെ മുഖ്യപ്രതി പൊന്ന്യം കുണ്ടുചിറ ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20) ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കി. ഹരജി 14ന് കോടതി പരിഗണിക്കും. പൊലിസ് കസ്റ്റഡിയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ ഇരയായെന്ന് അശ്വന്ത് ഹരജിയില്‍ വ്യക്തമാക്കി. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ജനകീയ വേദിയുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയ മൂന്നുപേരുടെ കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി. പി. മിഥുന്‍, വി. ജിതേഷ്, എം. വിപിന്‍ എന്നിവരാണു ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ഇവര്‍ മൂന്നുപേരും പ്രതിപ്പട്ടികയിലുണ്ടെന്നു പറയപ്പെടുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഭയന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ അഞ്ചുപേരാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."