ബുദ്ധ സന്ന്യാസിമാരുടെ ലൈംഗിക ചൂഷണങ്ങള്‍ നേരത്തെ അറിയാമെന്ന് ദലൈലാമ
ഹേഗ്: ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു നേരത്തെ അറിയാമെന്നു ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. 1990കള്‍ മുതല്‍ അറിയാമെന്നും ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ദലൈലാമ പറഞ്ഞു. നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ലാമ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.
നേരത്തേ യൂറോപ്യന്‍ സന്ദര്‍ശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവര്‍ കത്തു നല്‍കിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതു വരെ തങ്ങള്‍ ബുദ്ധ മതത്തെ അഭയകേന്ദ്രമായി കണ്ടിരുന്നുവെന്ന് ഇരകള്‍ പറഞ്ഞു.
ലൈംഗിക ചൂഷണങ്ങള്‍ പുതിയതല്ലെന്നും തനിക്ക് ഇതിനെപ്പറ്റി നേരത്തേ അറിയാമായിരുന്നുവെന്നും ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ ലാമ പറഞ്ഞു. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ വെച്ചു നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്മാരുടെ സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ലാമ വ്യക്തമാക്കി.
ലൈംഗിക ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."