കൊച്ചി മെട്രോ: അഞ്ച് ട്രെയിനുകള്‍ പരീക്ഷണ ഓട്ടം നടത്തി
കൊച്ചി: ഓരോ ദിവസവും പുതുമകള്‍ സൃഷ്ടിച്ച് ലക്ഷ്യത്തിലേക്ക് അടുക്കുന്ന കൊച്ചി മെട്രോ ഇന്നലെ പരീക്ഷണം നടത്തിയത് അഞ്ചുട്രെയിനുകളുമായി.
മെട്രോയുടെ ആദ്യഘട്ടമായ ആലുവമുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചുട്രെയിനുകള്‍ ആകാശയാത്രനടത്തുന്നത് പൊതുജനങ്ങള്‍ക്കും കൗതുകം പകര്‍ന്നു.ആകെ 188 ട്രിപ്പുകളാണ് അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയത്. അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ സര്‍വീസ് ഇന്നും തുടരും. കഴിഞ്ഞ ബുധനാഴ്ച്ച തുടങ്ങിയ പരീക്ഷണ ഓട്ടത്തിന് തിങ്കളാഴ്ച്ച വരെ നാലു ട്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്. രാവിലെ ആറിന് തുടങ്ങിയ ട്രയല്‍ സര്‍വീസ് രാത്രി പത്തു വരെ നീണ്ടു.
പത്തു മിനുറ്റ് ഇടവേളയിലായിരുന്നു ഓരോ സര്‍വീസുകളും.ദിവസേന 142 ട്രിപ്പുകളാണ് കഴിഞ്ഞ ആറു ദിവസങ്ങളില്‍ നടത്തിയത്. പരീക്ഷണ ഓട്ടത്തോടൊപ്പം മറ്റ് സേവനങ്ങളുടെ തയ്യാറെടുപ്പും കൊച്ചി മെട്രോ വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി സ്‌റ്റേഷനില്‍ മോക്ക് ഫയര്‍ ഡ്രില്ലും തിങ്കളാഴ്ച്ച പാലാരിവട്ടം സ്‌റ്റേഷന്‍ പരിധിയില്‍ ട്രാക്കില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ എങ്ങനെ സര്‍വീസ് പുനക്രമീകരിക്കാമെന്നതിന്റെയും പരിശോധനകളും നടന്നു. അതിനിടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, അത്യാവശ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കാന്‍ ചില ആശുപത്രികളുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നുണ്ട്.
ട്രെയിന്‍ സര്‍വീസ് നടത്തുന്ന രാവിലെ ആറുമുതല്‍ രാത്രി 11 വരെ എല്ലാ മെട്രോ സ്‌റ്റേഷനിലും വിദഗ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഡെസ്‌ക് ആരംഭിക്കാനാണ് ആലോചിക്കുന്നത്.മെട്രോ സ്‌റ്റേഷനുകളുടെ അടുത്ത് ആംബുലന്‍സ് സംവിധാനവും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."