ബിനീഷ് ദുബായിലും കള്ളപ്പണം വെളുപ്പിച്ചതായി സംശയമെന്ന് ഇ.ഡി, കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: ബെംഗളൂരു ലഹരിക്കടത്തുകേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.
തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യു.എ.എഫ്എക്‌സ് സൊല്യൂഷന്‍സ്, കാര്‍ പാലസ് , കാപിറ്റോ ലൈറ്‌സ്, കെകെ റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതിയതായി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്നു സംശയമുണ്ടെന്നും ഇ.ഡി പറയുന്നു. ഇതും അന്വേഷിക്കും. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. ബിനീഷിന്റെ ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തലസ്ഥാനത്തും പരിശോധനകള്‍ നടക്കുന്നത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇ.ഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.
അതേ സമയം ബിനീഷിനെതിരെ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്താനുള്ള ആലോചനയും സി.പി.എമ്മില്‍ തുടങ്ങിയിട്ടുണ്ട്. കോടിയേരിക്കും സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഒരു താല്‍ക്കാലിക മാറ്റം ആവശ്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."