അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ കടാതിപ്പാടവും നികത്താന്‍ നീക്കം
മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ നെല്ലറ എന്ന് മുന്‍ കാലത്ത് അറിയപ്പെട്ടിരുന്ന മുവാറ്റുപുഴ താലൂക്കിലെ വാളകം വില്ലേജില്‍ പെട്ട കടാതി പാടശേഖരം പൂര്‍ണ്ണ നാശത്തിലേക്ക്. കടാതിപ്പാടത്തിലെ അവശേഷിക്കുന്ന പത്തേക്കറോളം സ്ഥലത്ത് ആണ് വ്യാപകമായി മണ്ണ് കോരി നിറച്ച് ഇപ്പോള്‍ മഹാഗണി നട്ടിരിക്കുന്നത്.
വളരെ ആസൂത്രിതമായി മാസങ്ങളെടുത്ത് ചെയ്ത മണ്ണ് നികത്തലും മറ്റു പ്രവര്‍ത്തനങ്ങളും നാട്ടുകാരില്‍ ചിലര്‍ കൃഷി വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നെങ്കിലും അവര്‍ അത് കേട്ടതായി നടിച്ചില്ലെന്ന ആരോപണമുണ്ട്. പലപ്പോഴായി സ്വകാര്യ വ്യക്തികള്‍ പാടം കൈയ്യേറിയപ്പോഴും മുന്‍പ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നു പറയപ്പെടുന്നു. കടാതിപ്പാടത്തെ പന്ത്രണ്ടോളം ഏക്കര്‍ സ്ഥലം ഇതിനകം കമുകും തെങ്ങും വച്ച് കരനിലമെന്ന പേരില്‍ മൂടിയിരുന്നു.
തോട് വക്കിലെ പുറമ്പോക്കു സ്ഥലം കയ്യേറിയ സ്ഥലങ്ങളില്‍ മണ്ണിട്ട് നികത്തി കരിങ്കല്ലുകെട്ടിക്കൊടുക്കുന്നതിനു മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചില സ്വകാര്യ വ്യക്തികള്‍ക്കായി ലക്ഷങ്ങളാണ് ചിലവഴിച്ച് കൊടുത്ത്തത്. അവശേഷിക്കുന്ന പാടം കൂടി നികത്തടപ്പെടുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ പാട ശേഖരങ്ങളിലും തണ്ണീര്‍ തടങ്ങളിലുമൊന്നാണ് ഇല്ലാതാകുന്നത്.
കടാതി പാടം പൂര്‍വ്വാവസ്ഥയിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി . നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ പാടശേഖരം ഇല്ലാതാകുന്നതോടെ മൂവാറ്റുപുഴയിലെ കുടിവെള്ള ക്ഷാമാം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നു വിദഗ്ദര്‍ പറയുന്നു. 2016 ലെ ദി കേരള കണ്‍സെര്‍വേശന്‍ ഓഫ് പാടിലാന്റ് ആന്റ് വെറ്റ് ലാന്‍ഡ് അമെന്‍ഡ്‌മെന്റ് ബില്‍ പ്രകാരം കടാതി പാടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിക്ക് പരാതി അയച്ചതായി പരിസ്ഥിതി പ്രവര്‍ത്തകരായ എന്‍.യു ജോണ്‍, വി ടി പ്രതാപന്‍ , അസീസ് കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."