എസ്.എന്‍ ട്രസ്റ്റിലേയ്ക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്
ചേര്‍ത്തല: എസ്.എന്‍ ട്രസ്റ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ചേര്‍ത്തല എസ്.എന്‍ കോളജില്‍ നടക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്.
ഇന്നു തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും. വിദഗ്ധ സമിതിയുടെയും ഔദ്യോഗിക ഭാരവാഹികളുടെയും തെരഞ്ഞെടുപ്പും 25, 26 തീയതികളിലായി ചേര്‍ത്തലയില്‍ തന്നെയാണ് നടക്കുക.
ഇന്ന് നടക്കുന്ന മൂന്ന് ഡി വിഭാഗം തിരഞ്ഞെടുപ്പില്‍ 213 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്.
അയ്യായിരം മുതല്‍ ഒരുലക്ഷം രൂപാവരെ സംഭാവന നല്‍കിയവരുടെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പാണിത്. വെള്ളാപ്പള്ളി പക്ഷ പാനലിലെ 213 പേരും എതിര് പാനലിലെ 31 പേരുമാണ് ഇന്നത്തെ മത്സരത്തിലുള്ളത്. കഴിഞ്ഞ 10 മേഖലകളിലായി നടന്ന നൂറു രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയവരുടെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പക്ഷത്തിനാണ് ഭൂരിപക്ഷം. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2500 പേരാണ് വോട്ട് ചെയ്യുക.
വിദഗ്ധസമിതിയുടെ മൂന്ന് (ഐ) വിഭാഗം തിരഞ്ഞെടുപ്പ് 25ന് നടക്കും. ഇതിലേക്കുള്ള നോമിനേഷന് സമര്‍പ്പണവും ഇതേദിവസം രാവിലെ 11 വരെയും തുടര്‍ന്ന് സൂക്ഷ്മപരിശോധനയും നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്.
തുടര്‍ന്ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാവും. ട്രസ്റ്റ് ചെയര്മാന്, സെക്രട്ടറി, അസി.സെക്രട്ടറി, ട്രഷറര്‍, നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് 26നാണ് നടക്കുക.രാവിലെ ഒന്‍പതിന് യോഗം ആരംഭിക്കും.
തുടര്‍ന്ന് നിര്‍വാഹക സമിതി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കും. രാവിലെ 9.30 മുതല്‍ 10.30 വരെയായി നോമിനേഷന് സ്വീകരിക്കും. അന്തിമ പട്ടിക രാവിലെ 11ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെയും തുടര്‍ന്ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."