മെഡിക്കല്‍ കോളജ് ഒ.പി കൗണ്ടറുകളില്‍ ക്യൂ നിശ്ചയിക്കുന്നത് ജീവനക്കാരെന്ന് പരാതി
ആലപ്പുഴ: ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകളില്‍ പുരുഷന്‍, സ്ത്രീ എന്നു വേര്‍തിരിച്ചു എഴുതിവയ്ക്കാതെ അപ്പപ്പോള്‍ കൗണ്ടറിലിരിക്കുന്ന ജീവനക്കാരുടെ സൗകര്യത്തിന് ക്യൂ നിശ്ചയിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കു കീഴിലുള്ള ചെട്ടികാട് റൂറല്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലാണ് സംഭവം. ഇതുസംബന്ധിച്ചു അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ക്കു രോഗികള്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ടു കൗണ്ടറുകള്‍ ഉള്ളതില്‍ ചികിത്സ തേടി ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ഒന്നിനു മുന്നില്‍ അര മണിക്കൂര്‍ ക്യൂ നിന്നു കൗണ്ടറില്‍ എത്തുമ്പോള്‍ രോഗി നില്‍ക്കുന്നത് സ്ത്രീകള്‍ക്കുള്ള ക്യൂവിലാണെന്നും പുരുഷന്മാരുടെ ക്യൂവിന്റെ വാലറ്റത്ത് പോയി നില്‍ക്കാനും ആവശ്യപ്പെടുന്നത് തര്‍ക്കത്തിനു കാരണമാകുന്നു.
രണ്ടു കൗണ്ടറുകളിലും സ്ത്രീ എന്നോ പുരുഷന്‍ എന്നോ പ്രത്യേകിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതാണ് ഇതിന് കാരണം.
രോഗികളില്‍ പലരും ഈ ദുരവസ്ഥ മൂലം മടങ്ങിപോകാറാണ് പതിവ്. ഡോക്ടര്‍ക്കു മരുന്നു കുറിക്കാനുള്ള തുണ്ടു കടലാസ് രണ്ടു രൂപ ഫീസ് വാങ്ങി രോഗിക്കു നല്കുക മാത്രമാണ് കൗണ്ടറിലുള്ളയാളുടെ ജോലി.
ഇക്കാര്യത്തില്‍ പ്രത്യേക ക്യൂവിനൊന്നും പ്രസക്തിയില്ല. ഇല്ലാത്ത നിയമത്തിന്റെ പേരു പറഞ്ഞു ടിക്കറ്റു പുതുക്കി നല്കാതിരിക്കുന്നതിനെയും അതുവഴി ചികിത്സ നിഷേധിക്കുന്നതിനെയുമാണ് രോഗികള്‍ ചോദ്യം ചെയ്യുന്നത്.റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പടെയുള്ള പൊതുയിടങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലിംഗഭേദമെന്യേ എതു കൗണ്ടറും ഉപയോഗിച്ചു എത്രയും വേഗം സേവനം നേടാമെന്നിരിക്കെ ആശുപത്രികളില്‍ അതു തടയുന്നത് അപലപനീയമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."