കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: മുന്‍കൂര്‍ ജാമ്യ നീക്കവുമായി ബിഷപ്പ്
ന്യൂഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരക്കിട്ട നീക്കങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഹൈക്കോടതി അഭിഭാഷകന്‍ വിജയഭാനു മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ അഭിഭാഷകരുമായി ബിഷപ്പ് കൂടിയാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
അറസ്റ്റ് തടയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനിടെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുമതി തേടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു.
കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്.
ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാല്‍ ഏറെസമയം രൂപതയില്‍ നിന്ന് മാറിനില്‍ക്കേണ്ടതുള്ളതിനാല്‍ ബിഷപ്പ് ഹൗസിന്റെ ഭരണചുമതലയില്‍ നിന്ന് ഒഴിയാന്‍ തന്നെ അനുവദിക്കണം കത്തില്‍ ആവശ്യപ്പെടുന്നു.
കത്തയച്ച വിവരം ജലന്ധര്‍ രൂപത സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ഓസ്വാള്‍ ഗ്രേഷ്യസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."