വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് രാജിവയ്ക്കുന്നു
വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് രാജിവയ്ക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തിയ സാറ ജൂണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് അവര്‍ മത്സരിക്കുമെന്ന് കരുതുന്നെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പ്രസ് സെക്രട്ടറിയായി 22 മാസം പ്രവര്‍ത്തിച്ചതിന് ശേഷമാണ് സാറ സ്ഥാനമൊഴിയുന്നത്.
പ്രതിരോധ സെക്രട്ടറി ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് നേരത്തെ രാജിവച്ചിരുന്നു. ട്രംപിന് കീഴില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് സാറ സാന്‍ഡേഴ്‌സ്. സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങള്‍ പ്രതിരോധിച്ച് ഔദ്യോഗിക വൃത്തിയില്‍ അവര്‍ ഏറെ പ്രശസ്തി നേടിയിരുന്നു.അതേസമയം വിവാദങ്ങളും സാറക്കൊപ്പമുണ്ടായിരുന്നു.
ട്രംപ് പ്രസിഡന്റാവുകയെന്നുള്ളത് ദൈവത്തിന്റെ ആവശ്യമാണെന്നുള്ള സാറയുടെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്രിസ്റ്റിയന്‍ ടി.വി നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ മ്യൂളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ സാറയുടെ സത്യസന്ധതയെയും സുതാര്യതയെയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ പ്രസ് സെക്രട്ടറിമാരെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പത്രസമ്മേളനങ്ങളാണ് അവര്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 11ന് ആണ് പത്രസമ്മേളനം നടത്തിയത്.
രാജിവയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ വ്യക്തപരമായ കാരണത്താലാണ് സ്ഥാനമൊഴിയുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ തെരഞ്ഞെടുപ്പ് കാംപയിന്‍ ഉപദേശകയായിട്ടാണ് സാറ സാന്‍ഡേഴ്‌സ് ട്രംപ് ടീമിലെത്തിയത്. 2017ല്‍ ജൂലൈയില്‍ പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സീന്‍ സ്‌പൈസര്‍ രാജിവച്ചതിനെ തുടര്‍ന്ന് തല്‍സ്ഥാനമേറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."