ജിംനി ഇന്ത്യയിലെത്തുന്നു, ലോകത്തിനായി...
സുസുകി ജിംനി എന്ന പേര് ഇവിടെ അത്ര പരിചിതമായിരിക്കാനിടയില്ല. എന്നാല്‍ ജിംനിയെ മറ്റൊരുപേരില്‍ നമ്മളെല്ലാവരും അറിയും. ഇന്ത്യയിലെ ഓഫ് റോഡ് വാഹനങ്ങളിലെ രാജാവായ മാരുതി ജിപ്‌സി യഥാര്‍ഥത്തില്‍ സുസുകിയുടെ ജിംനിയാണ്. ജിംനിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സുസുകി തയാറെടുക്കുന്നതാണു പുതിയ വാര്‍ത്ത. നാലാം തലമുറയില്‍ പെട്ട സുസുകി ജിംനിയുടെ ആഗോള പ്രൊഡക്ഷന്‍ ഹബ് ഇന്ത്യയായിരിക്കുമെന്നാണു സൂചന. വിദേശ മാര്‍ക്കറ്റാണ് പ്രധാനമായും സുസുകി ലക്ഷ്യമിടുന്നതെങ്കിലും ഇന്ത്യന്‍ നിരത്തുകളിലും ജിംനി കുതിക്കുമെന്നു പ്രതീക്ഷിക്കാം. നാലു മീറ്ററില്‍ താഴെയുള്ള ഒരു കോംപാക്ട് എസ്.യു.വി ആണെന്നതുകൊണ്ടുതന്നെ സാധ്യതകളും ഏറെയാണ്.
2017ല്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന മാരുതി സുസുകിയുടെ ഗുജറാത്തിലെ പ്‌ളാന്റില്‍ ആയിരിക്കും ജിംനിയും നിര്‍മിക്കുക.
ബൊലേനിയോയും പുറത്തിറങ്ങാനിരിക്കുന്ന ഇഗ്നിസും നിര്‍മിച്ചിരിക്കുന്ന അതേ പ്‌ളാറ്റ്‌ഫോമില്‍ തന്നെയാണു ജിംനിയുടെയും നിര്‍മാണം. ഇന്ത്യന്‍ മോഡലിന് ജിപ്‌സി എന്ന പേരുതന്നെ സ്വീകരിക്കാനാവും സാധ്യത. അതിനിടെ സാമുറായി എന്നൊരു പേരും പരിഗണനയിലുണ്ടെന്നു കേള്‍ക്കുന്നു. ഇഗ്‌നിസിന്റേതു പോലെ തന്നെ ഫോര്‍വീല്‍ ഡ്രൈവ് വേര്‍ഷനോടെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനുമായാണു ജിംനി എത്തുക. യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്കായി ശക്തികൂടിയ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനും ഉണ്ട്. എന്നാല്‍ ഡീസല്‍ മോഡലിനെക്കുറിച്ചൊന്നും സുസുകി ഇതുവരെ പറഞ്ഞിട്ടില്ല.
1970ല്‍ ആണ് സുസുകി ജപ്പാനില്‍ ലെറ്റ് ജീപ്പ് 10 അഥവാ എല്‍.ജെ 10 എന്നറിയപ്പെടുന്ന ജിംനി പുറത്തിറക്കുന്നത്. 1981 മുതല്‍ 1998 വരെ ജപ്പാനില്‍ നിര്‍മിച്ചിരുന്ന രണ്ടാം തലമുറയില്‍പെട്ട സുസുകി ജിംനിയുടെ ലോങ്‌വീല്‍ ബേസ് മോഡല്‍ ആണ് മാരുതി ജിപ്‌സി എന്നു നമ്മള്‍ വിളിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വരെ ഇഷ്ടവാഹനം. 1998ല്‍ പുറത്തിറക്കിയ മൂന്നാം തലമുറയില്‍പെട്ട ജിംനിയാണ് കാര്യമായ മാറ്റങ്ങളില്ലാതെ ഇപ്പോഴും സുകുകി പുറത്തിറക്കുന്നത്. 2017ല്‍ ആണ് പുതിയ മോഡല്‍ എത്തുന്നത്.
രണ്ട് ഡോറുകള്‍ മാത്രമാണ് സുസുകി ജിംനിക്ക് ഉള്ളതെങ്കിലും ഇന്ത്യന്‍മോഡല്‍ നാലുഡോറുള്ളതായിരിക്കും. ജിപ്‌സി പോലെ തന്നെ വീല്‍ബേസിന് നീളം കൂടുതലുണ്ടാകുമെങ്കിലും നാലുമീറ്ററില്‍ താഴെയുള്ള കോംപാക്ട് എസ്.യു.വി വിഭാഗത്തിലാണ് ജിംനിയും പെടുന്നത്.
ഇന്‍ഡോനേഷ്യയിലേക്കും ബ്രസീലിലേക്കും ഈ മോഡല്‍ ആയിരിക്കും കയറ്റിഅയക്കുക. അതേസമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി നീളം കുറഞ്ഞ വീല്‍ബേസോടുകൂടിയ രണ്ടുഡോര്‍ മോഡല്‍ തന്നെയായിരിക്കും നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."