മോശം പെരുമാറ്റവുമായി കോസ്റ്റ; ദീര്‍ഘകാലം വിലക്ക് വന്നേക്കും
റോം: കഴിഞ്ഞ ദിവസം സീരി എയില്‍ യുവന്റസും സാസുലോയും തമ്മില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റം നടത്തിയതിന് യുവന്റസ് താരം ഡഗ്ലസ് കോസ്റ്റക്ക് ദീര്‍ഘ കാലം വിലക്ക് വന്നേക്കും. മൂന്ന് മാസത്തേക്കെങ്കിലും ഫുട്ബോളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് വരാനാണ് സാധ്യത.
കൂടാതെ വലിയൊരു സംഖ്യ പിഴയായും താരം അടക്കേണ്ടി വരും. എതിര് താരത്തെ തലകൊണ്ടിടിക്കുകയും മുഖത്ത് തുപ്പുകയുമാണ് കോസ്റ്റ ചെയ്തത്. മത്സരത്തിന്റെ 93-ാം മിനുട്ടില്‍ സാസുലോ താരം ഫെഡറിക്കോ ഡി ഫ്രാന്‍സിസ്ക്കോയുടെ മുഖത്താണ് കോസ്റ്റ തുപ്പിയത്.
തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് താരം പുറത്ത് പോയി. ഫുട്ബോള്‍ ലോകം ഞെട്ടലോടെയാണ് ഇതിനെതിരേ പ്രതികരിച്ചത്. സഭ്യതയുടെ എല്ലാ അതിര് വരമ്പുകളും ലംഘിച്ച തരത്തിലുള്ള പ്രകടനമാണ് കോസ്റ്റ നടത്തിയതെന്ന് പലരും അഭിപ്രായപ്പെട്ടു.
യുവന്റസ് പരിശീലകന് അല്ലെഗ്രിയും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും മോശപ്പെട്ട പ്രവൃത്തിയാണ് കോസ്റ്റ ചെയ്തതെന്നും ഇതിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നും വ്യക്തമാക്കിയ അല്ലെഗ്രി എന്ത് പ്രകോപനമുണ്ടായാലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ ഒരിക്കലും പാടില്ലായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."