പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ടിപ്പര്‍ തൊഴിലാളികളുടെ മര്‍ദനം
മുക്കം: അനധികൃത ഖനനത്തിനെതിരേ നിരന്തരം പ്രതികരിക്കുന്ന രണ്ടു പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ടിപ്പര്‍ തൊഴിലാളികളുടെ ക്രൂര മര്‍ദനം. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയില്‍ വച്ചാണ് ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ അഞ്ചോളം വരുന്ന ടിപ്പര്‍ തൊഴിലാളികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ കൂരപ്പള്ളി ബാബു, പി.കെ ബഷീര്‍ എന്നിവരെ മര്‍ദിച്ചത്.
കൂരപ്പള്ളി ബാബു തന്റെ തറവാട്ടില്‍ പോയി വരുമ്പോഴാണ് ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദിച്ചത്. ഈ സമയം ഇതുവഴി വന്ന ബഷീര്‍ ടിപ്പര്‍ തൊഴിലാളികളെ തടയാന്‍ ശ്രമിക്കുകയും തന്റെ കൈയിലുണ്ടായിരുന്ന കാമറയില്‍ ബാബുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇതോടെ ടിപ്പര്‍ തൊഴിലാളികള്‍ ബഷീറിനെയും മര്‍ദിച്ചു. തലക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റ രണ്ടു പേരും റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് വിവരമറിഞ്ഞ് മുക്കത്തുനിന്നെത്തിയ പൊലിസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പൂനൂര് പൊയില്‍ ക്രഷറിലെ ടിപ്പര്‍ തൊഴിലാളികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പൊലിസിനോടു പറഞ്ഞു. ഈ ക്രഷറിനെതിരേ നിരവധി തവണ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് ഇവര്‍ പറയുന്നത്. പരുക്കേറ്റ രണ്ടുപേരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."