ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന
തിരുവല്ല: വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഡോ.കെ.പി യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ബിലീവേഴ്‌സ് ചര്‍ച്ച് സഭയുടെ തിരുവല്ലയിലെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന.
57 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കൂടാതെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തെന്ന് വിവരമുണ്ട്.
തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനം, മഞ്ഞാടിയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കമുള്ള ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. സഭാ ആസ്ഥാന വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.പി യോഹന്നാന്റെ സഹായിയുടെ വാഹനത്തിന്റെ ഡിക്കിയില്‍നിന്ന് 57 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സഭാ പി.ആര്‍.ഒയുടേതടക്കം മൊബൈല്‍ ഫോണുകളും സംഘം പിടിച്ചെടുത്തു. 30 വാഹനങ്ങളിലായാണ് അന്വേഷണ സംഘം എത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കോട്ടയത്തു നിന്നെത്തിയ ആദ്യ സംഘത്തിന്റെ നേതൃത്വത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് പരിശോധനകള്‍ ആരംഭിച്ചത്.
6.45നു രണ്ടാം സംഘവും എത്തി. തൊട്ടു പിന്നാലെ സഭാ ആസ്ഥാനത്തും ഗോസ്പല്‍ ഫോര്‍ ഏഷ്യയിലും പരിശോധന തുടങ്ങി. രാത്രി ഏറെ വൈകിയും പരിശോധന തുടരുകയാണ്.
സഭാ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള പത്തോളം വരുന്ന പൊലിസ് സംഘമായിരുന്നു പുലര്‍ച്ചെ മുതല്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഇന്നലെ വൈകിട്ട് നാലോടെ പത്തനംതിട്ട എ.ആര്‍ കാംപില്‍ നിന്നുള്ള കൂടുതല്‍ പൊലിസുകാര്‍ സഭാ ആസ്ഥാനത്തടക്കം ഡ്യൂട്ടിയിലുണ്ട്.
ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ്, എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."