കുട്ടനാട്ടില്‍ വെള്ളക്കെട്ടില്‍ നിന്ന വീടുകള്‍ തകര്‍ന്ന് വീണു
കുട്ടനാട്: മഹാപ്രളയത്തില്‍ ദിവസങ്ങളോളം വെള്ളക്കെട്ടില്‍ നിന്നതിനെത്തുടര്‍ന്ന് ബലക്ഷയമുണ്ടായ വീടുകള്‍ തകര്‍ന്നു. പുളിങ്കുന്ന് 12-ാം വാര്‍ഡ് പാറശേരി കോളനിയില്‍ സജീവ്, 15-ാം വാര്‍ഡ് പതിനഞ്ചില്‍ച്ചിറ വീട്ടില്‍ തോമസ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
കൂലിപ്പണിക്കാരനായ സജീവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്ന വീടാണ് തകര്‍ന്നത്. പ്രളയത്തെ തുടര്‍ന്ന് 17ന് ബന്ധുവീടുകളിലേക്ക് പോയ ഇവര്‍ 21 ദിവസത്തിനു ശേഷമാണ് മടങ്ങിയെത്തിയ ഇവര്‍ കണ്ടത് വീടിന്റെ ഒരു ഭാഗം തകര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ മുക്കാല്‍ ഭാഗത്തോളം തകര്‍ന്നു വീണു.
മറ്റിടങ്ങളിലേക്ക് താമസം മാറ്റാന്‍ കഴിയാത്തതിനാല്‍ സജീവനും കുടുംബവും അവശേഷിക്കുന്ന മുറികളില്‍ താമസിക്കുകയാണിപ്പോള്‍. ഇതും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്.
കെട്ടിടം തകര്‍ന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കാന്‍ ഉദ്യോഗസ്ഥരെത്താത്തതിനാല്‍ കെട്ടിടം പൊളിച്ച് ഷെഡ് വെയ്ക്കാനും പറ്റാത്ത സ്ഥിതിയിലാണിവര്‍. ദിവസങ്ങളോളം വെള്ളക്കെട്ടില്‍ നിന്നതിനെത്തുടര്‍ന്നാണ് തോമസിന്റെ വീടും കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."