മാണിയെ പ്രകോപിപ്പിച്ച് കോണ്‍ഗ്രസ്; നേതാക്കളുടെ അഭിപ്രായത്തെ തള്ളി പ്രാദേശിക ഘടകം
സ്വന്തം ലേഖകന്‍
കോട്ടയം: കെ.എം മാണിയോടുള്ള മനോഭാവത്തില്‍ നേതാക്കള്‍ അയവു വരുത്തിയപ്പോള്‍ മാണിക്കെതിരേ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വീണ്ടും രംഗത്ത്. കേരള കോണ്‍ഗ്രസ്(എം)- കോണ്‍ഗ്രസ് ബന്ധത്തിന് വിള്ളല്‍ വീണ മൂന്നിലവില്‍ തന്നെയാണ് ഇക്കുറിയും മാണിക്കെതിരേ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് എം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ പുറത്താക്കി. ഇതാണ് ഇപ്പോള്‍ ചൂടേറുന്നത്.
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാക്കള്‍ മാണിയോടുള്ള സമീപനത്തില്‍ അയവു വരുത്തിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
എങ്ങോട്ട് പോകണമെന്ന് മാണിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേതാക്കളുടെ അഭിപ്രായം സ്വീകാര്യമല്ലെന്ന നിലപാടാണ് പ്രാദേശിക ഘടകം സ്വീകരിക്കുന്നതെന്നാണ് മൂന്നിലവ് സൂചിപ്പിക്കുന്നത്. മാണിയെ ഒരുതരത്തിലും യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഡി.സി.സിയുടെ നിലപാട് ശക്തിപ്പെടുത്തുന്ന രീതിയിലാണ് മൂന്നിലവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നത്. മാണിക്കുവേണ്ടി വാതില്‍ തുറന്നിടാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം നടത്തുമ്പോള്‍ പ്രകോപനത്തിലൂടെ മാണിയെ അകറ്റി നിര്‍ത്താനുള്ള നീക്കമാണ് മറുവശത്ത് നടക്കുന്നതെന്ന് വ്യക്തം.
കേരള കോണ്‍ഗ്രസിനെ മാനസികമായി മുറിവേല്‍പ്പിച്ച മേഖലയായിരുന്നു മൂന്നിലവ്. ഇവിടെയുണ്ടായ കാലുവാരലാണ് മാണിയെയും ജോസ് കെ. മാണിയെയും നിലപാടുകള്‍ മാറ്റാന്‍ ഏറെ പ്രേരിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."