പ്രളയത്തില്‍ നടപ്പാലങ്ങള്‍ തകര്‍ന്നു; നാട്ടുകാരുടെ യാത്ര 'അപകട' ചങ്ങാടങ്ങളില്‍
താമരശ്ശേരി: പ്രളയത്തില്‍ നടപ്പാലങ്ങള്‍ തകര്‍ന്നതോടെ ചങ്ങാടങ്ങളിലൂടെയുള്ള യാത്രകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. നൂറോളം പേര്‍ മറുകരയിലെത്താന്‍ കാത്തിരിക്കുമ്പോള്‍ ഈ ചങ്ങാടങ്ങളില്‍ നാലുപേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. എന്നാല്‍ ഈ യാത്രകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രളയത്തില്‍ പാലങ്ങള്‍ ഒലിച്ചുപോയതോടെ ഉപജീവനോപാധികളെയും ബാധിക്കുന്ന തരത്തിലാണ് ഇവിടുത്തെ സ്ഥിതിഗതികള്‍.
താമരശ്ശേരി-അണ്ടോണ തെക്കേതൊടുക-വെള്ളച്ചാല്‍, പൊയിലങ്ങാടി-ചെര്‍പുള്ള്യേരി എന്നീ ഭാഗങ്ങളിലെ പാലങ്ങള്‍ തകര്‍ന്നത് ജനജീവിതത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. പാലം തകര്‍ന്നതോടെ കയര്‍ കെട്ടിവലിച്ച് യാത്രചെയ്യാവുന്ന വിധത്തിലുള്ള ഫൈബര്‍ കന്നാസുകള്‍ ഘടിപ്പിച്ച് അതിനു മുകളില്‍ പലക ചേര്‍ത്തുവച്ച താല്‍ക്കാലിക ചങ്ങാടം ഉപയോഗിച്ചാണ് ഇപ്പോള്‍ ഇവര്‍ യാത്ര ചെയ്യുന്നത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിയുണ്ടാക്കിയ തെക്കേതൊടുക-വെള്ളച്ചാല്‍ പാലം 40 വര്‍ഷമായി ഉപയോഗിച്ചുവരികയായിരുന്നു. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണയെയും താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. നേരത്തെ മേല്‍പ്പാലം നിര്‍മിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല.
അണ്ടോണയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി പോര്‍ങ്ങോട്ടൂര്‍ പൊയില്‍താഴത്താണു രണ്ടാമത്തെ ചങ്ങാട യാത്രയുള്ളത്. ഇതു കൊടുവള്ളി നഗരസഭയെയും ഓമശ്ശേരി പഞ്ചായത്തിനെയുമാണു ബന്ധിപ്പിക്കുന്നത്. ഇവിടെ നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ ഫണ്ടില്‍നിന്ന് നാലര ലക്ഷം രൂപ ചെലവഴിച്ച് ഇരുമ്പ് തൂക്കുപാലം നിര്‍മിച്ചിരുന്നു. ഇതും കനത്ത മഴയില്‍ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു.
ഇതുമൂലം പുഴയുടെ ഇരു കരകളിലുമുള്ള വെള്ളച്ചാല്‍-ചെര്‍പുള്ള്യേരി ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ഇരുഭാഗങ്ങളിലേക്കും യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പാലങ്ങള്‍ തകര്‍ന്ന രണ്ടിടങ്ങളിലെയും ആളുകള്‍ക്ക് രണ്ടര കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചുവേണം ഇരു കരകളിലേക്കും എത്തിപ്പെടാന്‍. യാത്രാപ്രശ്‌നം പരിഹരിക്കാന്‍ പ്രദേശവാസിയായ ബാബു മുളകള്‍ കൊണ്ട് ചങ്ങാടം പണികഴിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് നാട്ടുകാര്‍ ആവശ്യങ്ങള്‍ക്കു വേണ്ടി മറുകരയിലെത്തുന്നത്.
ചെറുപുഴയില്‍ വെള്ളം കുറവാണെങ്കിലും രണ്ടാള്‍ താഴ്ചയില്‍ നില്‍ക്കുന്ന വെള്ളത്തിലൂടെയുള്ള യാത്രയും ഏറെ അപകടം നിറഞ്ഞതാണ്. പത്തു ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടിടങ്ങളിലും ചങ്ങാടം യാത്രകള്‍ ആരംഭിച്ചത്. സ്വന്തമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതു തയാറാക്കിയിരിക്കുന്നത്.
ദിനേന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും നിരവധി പേരാണ് ചങ്ങാടങ്ങളില്‍ യാത്ര ചെയ്യുന്നത്. ചങ്ങാടങ്ങളിലൂടെയുള്ള യാത്ര ഇവിടങ്ങളിലുള്ളവര്‍ക്ക് മുന്‍പ് പരിചയവുമില്ല. ഒഴുക്ക് കുറഞ്ഞ സമയത്ത് മാത്രമേ ചങ്ങാടങ്ങള്‍ ഉപയോഗിക്കാറുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. തകര്‍ന്ന ഇരുമ്പ് തൂക്കുപാലവും തൊട്ടപ്പുറത്ത് പദ്ധതിയിലുള്ള പാലവും യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."