ഫ്രഞ്ച് ഓപണ്‍: റോജര്‍ ഫെഡറര്‍ പിന്‍മാറി
പാരിസ്: ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാംപ്യനും ലോക അഞ്ചാം നമ്പര്‍ താരവുമായ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പിന്‍മാറി. വിംബിള്‍ഡണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പിന്‍മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ കളിക്കാനിറങ്ങില്ലെന്ന കാര്യം വ്യക്തമാക്കിയത്. മത്സരങ്ങളുടെ ആധിക്യവും മറ്റും പരിഗണിച്ചാണ് പിന്‍മാറ്റമെന്നും ഗ്രാസ്, ഹാര്‍ഡ്‌കോര്‍ട്ട് പോരാട്ടങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായി കളിമണ്‍ പ്രതലങ്ങള്‍ ഒഴിവാക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം സീസണാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണ്‍ കളിക്കാതെ പിന്‍മാറുന്നത്.
സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടി മികവിലേക്ക് തിരിച്ചെത്തിയ ഫെഡറര്‍ തന്റെ ഗ്രാന്‍ഡ് സ്ലാം നേട്ടം 18ല്‍ എത്തിച്ചിരുന്നു. ഫ്രഞ്ച് ഓപണിന്റെ ഫൈനലില്‍ അഞ്ച് തവണയെത്തിയിട്ടും ഒറ്റ തവണ മാത്രമാണ് റോളണ്ട് ഗാരോസിലെ കളിമണ്‍ പ്രതലം സ്വിസ് മാസ്റ്റര്‍ക്ക് വഴങ്ങിയത്. മറ്റ് നാല് തവണയും കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിന് മുന്നില്‍ ഫെഡറര്‍ അടിയറവ് പറയുകയായിരുന്നു.
നിലവില്‍ റാഫേല്‍ നദാല്‍ മികച്ച ഫോമില്‍ നില്‍ക്കുകയാണ്. തുടര്‍ച്ചയായ 15 കളിമണ്‍ കോര്‍ട്ട് വിജയങ്ങളുമായാണ് നദാല്‍ ഫ്രഞ്ച് ഓപണ്‍ കളിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം മാഡ്രിഡ് മാസ്റ്റേഴ്‌സ് കിരീടം നേടി നദാല്‍ ഫെഡററെ പിന്തള്ളി നാലാം റാങ്കും സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."