ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം: മഞ്ഞളാംകുഴി അലി എം.എല്‍.എ
ആശുപത്രിയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ആശുപത്രിയിലെ നിലവിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായും മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു.
മതിയായ സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലാത്തതിനാല്‍ ആതുരാലയ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നത് സംബന്ധിച്ച് നേരത്തെ 'സുപ്രഭാതം' പ്രസിദ്ധീകരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ വികസനകാര്യത്തില്‍ രാഷ്ട്രീയമായ പകപോക്കലുണ്ടോയെന്ന് സംശയിക്കണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത്. 14 ജീവനക്കാരെയും നിയമിച്ചിരുന്നു. സര്‍ക്കാര്‍ മാറിയശേഷം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിട്ടുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കേന്ദ്രപദ്ധതിയിലുള്‍പ്പെടുത്തിയുള്ള പല വികസന കാര്യങ്ങളും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നില്ല. എന്നാല്‍, ജില്ലയിലെ മറ്റുള്ള ആശുപത്രികള്‍ക്ക് അനുവദിക്കുന്നുമുണ്ട്. ഏറ്റവുമധികം രോഗികള്‍ ആശ്രയം തേടിയെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാശുപത്രിക്ക് അതിനുസരിച്ചുള്ള പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."