കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌കാരം ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതിരിക്കുകയും ബന്ധുക്കളെ കാണിക്കാതെ സംസ്‌കരിക്കുകയും ചെയ്യുന്ന നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സര്‍ക്കാരിന്റെ പെരുമാറ്റചട്ടങ്ങള്‍ക്കെതിരേ ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കേസ് പരിഗണിച്ചപ്പോള്‍ ഒക്ടോബര്‍ 14ലെ പഴയ മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കോടതി വിമര്‍ശനമുന്നയിച്ചു.
പഴയ സര്‍ക്കുലര്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്നും കോടതി ചോദിച്ചു. ഇതേതുടര്‍ന്നാണ് വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും. ഹരജിക്കാരനുവേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി. മുഹമ്മദ് ഹലീമിന്റെ ഭാര്യാ മാതാവ് കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു.
ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ മരണം വരെ മക്കളെയും ബന്ധുക്കളെയും കാണാന്‍ അനുവദിച്ചില്ല.
പിന്നീട് രണ്ടാഴ്ച്ചക്ക് ശേഷം മരണവിവരം അറിയിക്കുകയാണ് ഉണ്ടായത്. മൃതദേഹം കാണുന്നതില്‍ നിന്നുവരെ ബന്ധുക്കളെ വിലക്കുകയും ചെയ്തത്രേ. സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശകള്‍ക്ക് എതിരാണെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."