കല്ലടയാറ്റില്‍ നിന്നുള്ള പമ്പിങ് പദ്ധതി ഉപേക്ഷിക്കുന്നു
ശാസ്താംകോട്ട: തടാക സംരക്ഷണത്തിന്റെ ഭാഗമായി ശാസ്താംകോട്ട തടാകത്തില്‍ നിന്നുള്ള പമ്പിങിന്റെ അളവ് കുറക്കുന്നതിനായി കല്ലടയാറ്റില്‍ കടപുഴയില്‍ നിന്ന് വള്ളം പമ്പ് ചെയ്ത് ശാസ്താംകോട്ട ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കുന്നതിനായി തയാറാക്കിയ പദ്ധതി ഉപേക്ഷിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് 14.5 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് 8.5 കോടി രൂപ ചെലവഴിച്ച് പൈപ്പുകള്‍ വാങ്ങി സ്ഥാപിച്ചതിന് ശേഷമാണ് പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനത്തിലേക്ക് വാട്ടര്‍ അതോറിറ്റി നീങ്ങുന്നത്.
കല്ലടയാറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസ് നിര്‍മിക്കുന്നതിന് വാട്ടര്‍ അതോറിറ്റി കണ്ടെത്തിയ റവന്യൂ പുറമ്പോക്ക് സ്ഥലം നിര്‍മാണ നടപടികളിലെത്തിയപ്പോള്‍ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
കൂടാതെ 19.5 കോടി രൂപ ചെലവില്‍ കടപുഴയില്‍ കല്ലടയാറ്റില്‍ റഗുലേറ്റിങ് ബ്രിഡ്ജ് നിര്‍മിക്കുന്നതിനായുള്ള തീരുമാനവും മണ്‍ട്രോതുരുത്ത് നിവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. കായല്‍ വഴി ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പുകളൊഴികെ ബാക്കി പൈപ്പുകളെല്ലാം മണ്ണില്‍ സ്ഥാപിച്ചു കഴിഞ്ഞു.
കല്ലടയാറ്റില്‍ ഞാന്‍കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ശാസ്താംകോട്ട ശുദ്ധീകരണ പ്ലാന്റിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതിക്കായാണ് വാട്ടര്‍ അതോറിറ്റി ഗവണ്‍മെന്റിലേക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഇതിനായി 16 കിലോമീറ്ററിലധികം ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. 50 കോടിയിലധികം തുക ചെലവ് വരുന്ന എസ്റ്റിമേറ്റും ഈ പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
45 ദശലക്ഷം ലിറ്ററിലധികം വെള്ളം പമ്പ് ചെയ്തിരുന്ന തടാകത്തില്‍ നിന്ന് 10 ദശലക്ഷം ലിറ്ററില്‍ താഴെ മാത്രമാണ് പമ്പ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."