HOME
DETAILS

കഥപറച്ചിലിന്റെ നാടന്‍ കൂട്ടുകള്‍

  
backup
November 08 2020 | 03:11 AM

6456464-2020

 

കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളിലുണ്ടായ ചെറുകഥകളെ വായിക്കുമ്പോള്‍, ആശയപരമോ, ദാര്‍ശനികമോ ആയ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്ന പ്രമേയങ്ങളേക്കാള്‍, സമകാലിക ജീവിതാനുഭവങ്ങളെ, നൈസര്‍ഗ്ഗികമായി ആവിഷ്‌കരിക്കുന്ന ആഖ്യാന സമ്പ്രദായങ്ങള്‍ കൂടുതല്‍ ജനപ്രിയമായിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍. ഭാഷയില്‍ സ്വീകരികരിച്ചിട്ടുള്ള ലാളിത്യവും ചെറുകഥകളെ വായനക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കി. ഇതര സാഹിത്യങ്ങളിലും ഈ മാറ്റം പ്രകടമായിട്ടുണ്ടെങ്കിലും, ചെറുകഥകള്‍ ഈയൊരു തലത്തില്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം കൊണ്ട് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളും സര്‍ഗ്ഗാത്മകമായ, മാനവീയമായ കഥകള്‍ കൊണ്ട് മീരയുടെ കഥകളും, വിഷയ സ്വീകരണംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബി. മുരളിയുടെ കഥകളും വായനക്കാര്‍ക്കു മുന്‍പില്‍ എത്തി.
ഈ തലമുറയില്‍ നിന്ന് ഏറ്റവും പുതിയ തലമുറയിലെ ചെറുകഥാകൃത്തുക്കളില്‍ എത്തുമ്പോള്‍, കുറച്ചുകൂടി നവീകരണം ഈ മേഖലയില്‍ നടക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.


കെ.എന്‍ പ്രശാന്തിന്റെ കഥകള്‍, ഇത്തരം മാറ്റങ്ങളുടെ അതിരില്‍ നില്‍ക്കുന്ന കഥകളായിട്ടാണ് വായിച്ചുതീര്‍ത്തത്. ചെറുകഥാ സാഹിത്യം മുന്നോട്ടു സഞ്ചരിക്കുമ്പോള്‍, ആ യാത്രയില്‍ ഒരു പങ്ക് തനിക്ക് ചേര്‍ക്കാനാകും എന്ന് പ്രതീക്ഷ നല്‍കുന്ന കഥകളാണ്. വലിയ ടെക്‌നിക്കുകളോ സങ്കേതങ്ങളോ ഉപയോഗിച്ചുള്ള സങ്കീര്‍ണ്ണത, നിര്‍മിതിയില്‍ ഇല്ലെങ്കിലും, സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന, കഥകള്‍ ഉള്‍പ്പെടുന്നതാണ് 'ആരാന്‍' എന്ന കഥാസമാഹാരം.
ചുറ്റിലും നടക്കുന്ന സാമൂഹികരാഷ്ട്രീയ മാറ്റങ്ങളെ കഥാപാത്രങ്ങളിലൂടെ, പ്രതിഫലിപ്പിക്കുന്നുണ്ട്. കഥകളിലെ ദേശം, ജൈവ സാന്നിധ്യം, കഥാപാത്രങ്ങള്‍, രാഷ്ട്രീയം എന്നിവയെക്കുറിച്ച് പ്രശാന്ത് സംസാരിക്കുന്നു.

'ലോകവ്യഥകളാവണം
കഥപറയുന്നവരുടെ മൂലധനം'


പ്രശാന്തിന്റെ കഥകളിലെ പരിസരങ്ങള്‍ കൂടി, കഥാപാത്രമാകുന്നുണ്ട്. പ്രകൃതി, സംസാരിക്കുന്ന, വലിയൊരു പശ്ചാത്തലമാകുന്നു. കണ്ടല്‍ മരങ്ങള്‍, പുഴകള്‍, വനങ്ങള്‍, മഴവെള്ളത്തോടൊപ്പം കയറി വരുന്ന മീനുകള്‍, മാത്രമല്ല, മഞ്ചു എന്ന കുരങ്ങും, പൂതപ്പാനി തേനീച്ചകളും പോരുകോഴികളും മുഖ്യ വിഷയമാകുന്നുണ്ട്. തൊണ്ടച്ചന്‍ എന്ന കഥയിലെ ജൈവ സാന്നിധ്യം, ആദ്യം മുതല്‍ അന്ത്യം വരെ വായനയില്‍ തെളിഞ്ഞുനില്‍ക്കുന്നു.

Contemperory എഴുത്തുകള്‍ എന്ന രീതിയില്‍, മലയാളത്തിലും ഇതര ഭാഷകളിലും വരുന്ന ചില എഴുത്തുകള്‍ വിഷയ സ്വീകരണത്തില്‍ പുതുമ കണ്ടെത്താന്‍ പരക്കം പായുമ്പോള്‍, കഥാപാത്രങ്ങളും പരിസങ്ങളൊക്കെത്തന്നെയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും, വായന തീര്‍ത്തും വിരസമാകുകയോ ആസ്വാദനത്തിനുപരി, 'കിളീൃാമശേ്‌ല' എന്ന രീതിയില്‍ മാത്രമായി ചുരുങ്ങുകയോ ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍, ഒരു പത്രവാര്‍ത്തയെ കഥാരൂപത്തിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ മാത്രമായി, വാര്‍ത്തയുടെ നിഴല്‍ രൂപങ്ങളായി മാത്രം, ചില വായനകള്‍ അവസാനിപ്പിക്കാറുണ്ട്.
പ്രശാന്തിന്റെ കഥയുടെ പരിസരങ്ങള്‍, ഉദിനൂര്‍ എന്ന ആവര്‍ത്തിച്ചുവരുന്ന പ്രദേശം കഥകളിലെ ജീവജാലങ്ങള്‍ ഇതിനെക്കുറിച്ചൊക്കെ എന്താണ് പറയാനുള്ളത്?

ഉദിനൂരിലാണ് ഞാന്‍ വളര്‍ന്നതും ജീവിക്കുന്നതും. വയലുകളും മഴക്കാലമായാല്‍ നിറഞ്ഞൊഴുകുന്ന അനേകം തോടുകളും കാവുകളും അധികം ദൂരത്തല്ലാതെ പുഴയും കായലും കടലും. അത് എന്റെ സ്ഥല സങ്കല്‍പ്പത്തില്‍ വരുത്തിയ സ്വാധീനമായിരിക്കാം കഥകളുടെ പശ്ചാത്തലത്തില്‍ അതൊക്കെ കയറി വരുന്നത്. തൊണ്ടച്ചന്‍ ഞാനറിയുന്ന ദലിത് ജീവിതമാണ്. മഞ്ചു എന്ന കഥ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മയില്‍ നിന്ന് ഉണ്ടായതാണ്. അതിലെ ആള്‍ക്കൂട്ടത്തില്‍ ട്രൗസറിട്ട് ഞാനും ഓടുന്നുണ്ട്. ഞാന്‍ മറന്നുപോയതായിരുന്നു അത്. ഒരു ദിവസം നിസാര്‍ എന്ന എന്റെ കൂട്ടുകാരന്‍ ആ സംഭവം ഓര്‍മിപ്പിച്ചു. ആ കുരങ്ങിനെ കുറിച്ച് പരസ്പരം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അത് ഫിക്ഷനായിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പൂതപ്പാനി, ഗുണംവരണം ഒക്കെ ഇത്തരത്തിലുള്ള കഥകളാണ്. ഉദിനൂര്‍ ഇല്ലാത്ത കഥകളും ഇതുപോലെ ഒക്കെ തന്നെയാണ്. കര്‍ണ്ണാടകത്തിനോട് ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമത്തിലൂടെ ബസില്‍ പോകുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ പോരു കോഴിയുമായി ഇരുന്ന ആളില്‍ നിന്നാണ് പെരടി എന്ന കഥ ഉണ്ടായത്. അതേ സ്ഥലത്തു നിന്നുകൊണ്ടുതന്നെയാണ് ആ കഥ പറഞ്ഞിട്ടുള്ളത്. കാടിനോടു ചേര്‍ന്ന ആ പ്രദേശങ്ങള്‍ അവിടത്തെ ഏകാന്തത, മനുഷ്യര്‍ ഒക്കെ ഭയങ്കര അനുഭവങ്ങളാണ്. കഥപറച്ചിലുകാരന്‍ എന്ന നിലയില്‍ ആത്മവിശ്വാസം ഉണ്ടാക്കിയ കഥകളിലൊന്നാണത്. കഥയുടെ കാര്യം അങ്ങനെയാണ്. നമ്മള്‍ തേടിച്ചെന്നാല്‍ അത് പിടിതരണമെന്നില്ല. അതിന്റെ സമയമാകുമ്പോള്‍ നമ്മളെ തേടിവരിക തന്നെ ചെയ്യും.

ഇരുട്ടില്‍ ഒരു മനുഷ്യശരീരം കായലില്‍ താഴ്ത്തുന്നതിന് പോകുമ്പോള്‍ പോലും, ഭക്തര്‍ക്കു മുന്നില്‍ ഇരിക്കുന്ന അതേ സാത്വികഭാവത്തോടെ അയാള്‍ തോണിയുടെ നിയന്ത്രണസ്ഥാനത്ത് ഇരുന്നു.പുന്നക്കോടന്‍ എന്ന പൊലിസുകാരനെപ്പറ്റിയുള്ള വിശേഷണമാണിത്. ഇന്നത്തെ സാമൂഹികരാഷ്ട്രീയ അന്തരീക്ഷങ്ങളില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടെയും നേതാക്കളുടെയും പ്രതീകമായി അയാളെ വായിച്ചെടുക്കാം.
കോട എന്ന കഥയില്‍ പറയുന്ന രാഷ്ട്രീയം, നേതാക്കള്‍ക്കു വേണ്ടി കൊല്ലാന്‍ കരാറെടുത്തവര്‍, പിന്നീട്, ആ വ്യവസ്ഥിയുടെ തന്നെ ശിക്ഷ അനുഭവിക്കാന്‍ വിധിയാവുന്നതാണ്.
'കഥയെഴുത്തുകാരന്‍ കണ്ണുമൂടി ഒളിച്ചുകടത്തുന്ന വിമര്‍ശനം ശരിയായി മനസിലാക്കാനുള്ള വിവേകബുദ്ധി നമ്മുടെ രാഷ്ട്രീയക്കോമരങ്ങള്‍ക്കില്ല, ഭാഗ്യം എഴുത്തുകാരന് ജീവിച്ചു പോകാം' എന്ന് ആമുഖത്തില്‍ ഹരീഷ് പറയുന്നുണ്ട്.
ഇത്തരം കഥാസന്ദര്‍ഭങ്ങള്‍ എഴുതുമ്പോള്‍, അതിന്റെ വരുംവരായ്കകളെപ്പറ്റി ചിന്തിക്കാറുണ്ടോ? അല്ലെങ്കില്‍ ഒരു അതിര് സൃഷ്ടിച്ചാണ് എഴുതുന്നത്/എഴുതേണ്ടത് എന്നൊക്കെ, വായനാ സമൂഹത്തിന്റെ പ്രതികരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തോന്നാറുണ്ടോ? എഴുത്തുകാര്‍ക്കെതിരെയുള്ള പല സംഭവങ്ങള്‍/ആക്രമണങ്ങള്‍ എല്ലാം നമ്മള്‍ കാണുന്നുണ്ടല്ലോ?

എഴുതുമ്പോള്‍ ആളുകള്‍ എങ്ങനെ വായിക്കും എന്ന് ആലോചിച്ചിട്ടില്ല. എഴുതിക്കഴിഞ്ഞാല്‍ വായിച്ച് നോക്കി കഥയില്‍ ആവശ്യമില്ലാത്തത് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്. രാഷ്ട്രീയം പറയാന്‍ വേണ്ടി കഥകള്‍ എഴുതുന്നതിനോട് അത്ര ഇഷ്ടമുള്ള ആളല്ല ഞാന്‍. പക്ഷേ, കഥകള്‍ക്ക് അതിന്റേതായ രാഷ്ട്രീയം ഉണ്ടാവുകയും വേണം. പള്‍പ്പുകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്തെ ബദല്‍ അതാണെന്നു തോന്നുന്നു. പലരീതിയില്‍ ഉള്ള അസഹിഷ്ണുതകളും മോശം പ്രവണതകളും എല്ലാ കാലത്തും എഴുത്തിനെതിരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അത് ഭീകരമായ ഒരു സ്റ്റേജില്‍ എത്തിയിരിക്കുന്നു. ഒരു പത്തു വര്‍ഷം മുന്‍പ് മീശ എന്ന നോവലിനെതിരെ ഉണ്ടായ ആക്രമണം പോലൊന്ന് ചിന്തിക്കാന്‍ പോലും നമുക്ക് പറ്റില്ല. വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ ആക്രമണങ്ങളുടെ മാതൃകയിലായിരുന്നു ഇവിടെ അത് നടന്നത്. എഴുത്തുകാര്‍ക്ക് പലഭാഗങ്ങളില്‍ നിന്നും കിട്ടുന്ന പിന്തുണ ആശാവഹമാണ്. തെറ്റായ വ്യവസ്ഥകളെ പ്രകോപിപ്പിക്കുക എന്നതും എഴുത്തുകാരന്റെ കടമയാണ്.

ചുടല എന്ന കഥ, ഒരു മാന്‍ മിസിങ്ങിനെ, മറ്റൊരു കൊലപാതകവും അതിനോടനുബന്ധിച്ചു വരുന്ന ദുരുഹതകളുമെല്ലാം ചേര്‍ത്ത്, വായനക്കാരനെ ഒരു ജിജ്ഞാസയോടെ കഥാന്ത്യംവരെ കൊണ്ടുപോകുന്നുണ്ട്. കുറ്റാന്വേഷണമെന്ന രീതിയിലല്ല കഥ പുരോഗമിക്കുന്നതെങ്കിലും, രഹസ്യങ്ങളെ അനാവൃതമാക്കുന്നതിന്റെ ത്രില്ലിങ്ങ് കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഗാളിമുഖയിലും പ്രണയവാരിധി നടുവില്‍ എന്ന കഥയിയും കൊലപാതങ്ങളും ദുരൂഹതകളും വെളിപ്പെടുത്തലുകളും ഉണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ, ബോധപൂര്‍വ്വം അപൂര്‍ണമായി അവസാനിപ്പിച്ചിരിക്കുന്നു എന്ന് തോന്നി. ഇതിനെക്കുറിച്ച്?

ക്രൈമും കുറ്റാന്വേഷണവും ഒക്കെ വായനക്കാരുടെ ഇഷ്ട വിഷയങ്ങളാണല്ലോ. ഈ മൂന്നു കഥകളും എഴുത്തിന്റെ ത്രില്‍ അനുഭവിച്ച് എഴുതിയ കഥകളാണ്. വായനക്കാരും ആ അഭിപ്രായം പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അപൂര്‍ണ്ണതയെക്കുറിച്ച് പലരും ചോദിച്ചിട്ടുള്ളതാണ്. ആ കഥകള്‍ക്ക് അവയുടെ ഡാര്‍ക്ക്‌നസ് ചോര്‍ന്നുപോകാത്ത അവസാനങ്ങളാണ് ഉള്ളത് എന്ന് എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നു. ബോധപൂര്‍വ്വം അല്ല അത് അങ്ങനെ സംഭവിച്ചതാണ്.

കുറ്റാന്വേഷണ നോവലുകള്‍ മലയാള സാഹിത്യത്തില്‍ എന്നും ഉണ്ടായിരുന്നു. ഇപ്പോള്‍ പുതിയ തലമുറയിലുള്ള എഴുത്തുകാരുടെ ശ്രമങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു ചെറുകഥാകൃത്ത് എന്ന രീതിയില്‍, മലയാള ചെറുകഥാ സാഹിത്യത്തില്‍, (നോവലിലല്ല) സസ്‌പെന്‍സ് ത്രില്ലറുകളുടെ സാന്നിധ്യത്തെക്കുറിച്ച് നിരീക്ഷിച്ചിട്ടുണ്ടോ?

കുറ്റാന്വേഷണത്തെ കുറിച്ച് പറഞ്ഞതുപോലെ സസ്പന്‍സും ത്രില്ലറുമൊക്കെ വായനയെ ജനകീയമാക്കുന്നതില്‍ എന്നും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യകഥയായ വാസനാവികൃതി എഴുതിയ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'മേനോക്കിയെ കൊന്നതാര്' എന്ന കഥ സസ്‌പെന്‍സ് ത്രില്ലറാണ്. എല്ലാ കാലത്തും അതുപോലുള്ള കഥകള്‍ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നു. കഥാവസാനം വരെ നിഗൂഢത ഒളിപ്പിച്ചുവയ്ക്കുന്ന കഥകള്‍ വായിക്കാന്‍ എനിക്കും ഇഷ്ടമാണ്. ഇന്ദുഗോപന്റെ കഥകള്‍ ഉഗ്രന്‍ സസ്‌പെന്‍സ് ത്രില്ലറുകളാണ്.

വായന പൂര്‍ണമായും സബ്ജക്ടീവായ ഒരു പ്രക്രിയ ആണെന്നറിയാം. ചിലര്‍ അവരുടെ വായനാശീലത്തെ കുറിച്ച് സംസാരിക്കാനും ഇഷ്ടപ്പെടാറില്ല. പ്രശാന്തിന്റെ വായനയെക്കുറിച്ച് ചോദിച്ചാല്‍?

എഴുതുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. വായനയാണ് എന്നെ കഥ പറച്ചിലുകാരനാക്കിയത്. വായിച്ച എല്ലാ പുസ്തകങ്ങള്‍ക്കും അവയുടെ എഴുത്തുകാര്‍ക്കും എന്റെ എഴുത്തില്‍ പങ്കുണ്ട്. വായന ഏകാന്തയെ പ്രണയിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ്. ഞാന്‍ അതില്‍ ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു.

''നമ്മളും കഷ്ടപ്പെട്ടും കട്ടന്‍ ചായ കുടിച്ചും തന്ന്യാ ഉസ്‌കൂളില്‍ പോയത്. എന്നിറ്റോ, ആട എത്തിയാല്, ഗ്രാന്റെന്നും സ്‌റ്റൈപ്പന്റെന്നും പറഞ്ഞ് പൈസ കിട്ടുന്നത് ആരിക്കാ? ഇവന്മാര്‍ക്കല്ലേ? സംവരണമല്ലേ? എല്ലാടത്തും. അല്ലേങ്കില് ഇവനെല്ലാം ഏട അമേരിക്ക കാണ്ന്ന്?''
''അമേരിക്കയില്‍ എന്ത് സംവരണം എന്നോര്‍ത്ത് രജീഷ് തോട്ടിലേക്ക് നീട്ടി മൂത്രമൊഴിച്ചു.''
സംവരണത്തെക്കുറിച്ച് ഒരു കഥാപാത്രം കോപിച്ചു കാണിക്കുന്ന ചില പരാക്രമണങ്ങള്‍ 'ഗുണം വരണം' എന്ന കഥയില്‍ പറയുന്നുണ്ട്.
അയിത്തം ഇല്ലാതിരിക്കാന്‍ 'തൊപ്പി വച്ച് മാപ്ലയായി' വരുന്ന കരിയന്‍ എന്നൊരു മറ്റൊരു കഥാപാത്രത്തെ കാണാം.
''പാകിസ്ഥാനില്‍ പോവേണ്ടവനെല്ലാം, ഈട നിന്ന് ഞമ്മളോട് ഞായം വിടുന്നു.'' രാജന്‍, ഷൈജുവിന്റെ ചെവിയില്‍ പറഞ്ഞു. 'മഞ്ചു' എന്ന കുരങ്ങിന്റെ പിന്നാലെ പായുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്നതിനിടയില്‍, സുലൈമാന്‍ എന്നൊരു കഥാപാത്രത്തെക്കുറിച്ച് രണ്ട് നാട്ടുകാര്‍ പറയുന്നതാണിത്.
'അവന്‍ ബംഗ്ലാദേശിയാ, നുഴഞ്ഞു കയറ്റക്കാരന്‍' എന്ന് പൂതപ്പാനി എന്ന കഥയിലെ ഒരു കഥാപാത്രം.
'ഇന്ത്യന്‍ കുരങ്ങുകളെ മ്യാന്‍മാറിന് വേണ്ട' എന്ന് പറയുന്ന 'മഞ്ചു'വിലെ പട്ടാളക്കാരന്‍.
മതവും ജാതിയും രാഷ്ട്രങ്ങളും, ജീവിതത്തില്‍ ഇടപെടുന്നതിന്റെ ഒത്തിരി സൂചകങ്ങള്‍ മിക്ക കഥകളിലും വായിക്കാം.
കഥയുടെ ഗതിയില്‍ ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നില്ലെങ്കിലും, ഒരു ചെറിയ തീപ്പൊരി പാറിക്കാനുള്ള ശ്രമങ്ങളാണിതിന് പിന്നില്‍ എന്നു പറഞ്ഞാല്‍?

ജാതിയും മതവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളാണ്. മനുഷ്യരുള്ളിടത്തോളം കാലം അവര്‍ക്കുള്ളില്‍ അകപ്പെട്ട കല്ലുപോലെ അത് കുടുങ്ങിക്കിടക്കും. ഗുരുവിനുപോലും നമ്മളെ അതില്‍ നിന്നും രക്ഷിക്കാനായില്ല. കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയപ്പോള്‍ ബോധവല്‍ക്കരണത്തിനായി ഇറങ്ങിയ ഒരു ഷോര്‍ട്ട് ഫിലിമില്‍ പൂണൂലിട്ട ഒരാള്‍ തീണ്ടലിനെ പഴയ ബ്രേക്ക് ദ ചെയിനാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതു കണ്ടു. അംബേദ്കറെ പോലുള്ള മഹാന്‍മാര്‍ പോരാടിയതിന്റെ ഫലമായി നിയമപ്രകാരം ഇല്ലാതായ ജാത്യാചാരമാണെന്നോര്‍ക്കണം. അവിടെയാണ് കാര്യം. ഗുണംവരണം ഉദിനൂരിന്റെ വര്‍ത്തമാന യാഥാര്‍ഥ്യമാണ്. കരിയന്‍ ചരിത്രവും. കഥയില്‍ കരുതിക്കൂട്ടി ഉള്‍പ്പെടുത്തിയതോ അപ്രസക്തരായ കഥാപാത്രങ്ങളോ എന്നതല്ല, കഥാസന്ദര്‍ഭത്തിന് ആ ഭാഗം ചേരുന്നുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. ഈ സംഭാഷണങ്ങളൊക്കെ പലവട്ടം പലയിടത്തു നിന്നും നമ്മള്‍ കേട്ടതാണ്. അവ നമ്മുടെ പിതാമഹന്‍മാരുടെ കാലത്തും കൊച്ചുമക്കളുടെ കാലത്തും ചെറിയ വ്യത്യാസങ്ങളോടെ കേള്‍ക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് സംശയം ഇല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് ആക്ഷേപിക്കുന്ന നാട് ലോകത്ത് വേറെ ഉണ്ടാകുമോ? പാകിസ്താനിലേക്ക് പോകാന്‍ പറയുന്നതും മ്യാന്‍മാറില്‍ നിന്നും ആട്ടിയോടിക്കുന്നതും ഒരു പോലെയാണ്. വംശീയതയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ ഉണ്ടാക്കുന്നത്. മ്യാന്‍മാറില്‍ റോഹിംഗ്യകളാണെങ്കില്‍ ഇറാഖില്‍ യസീദികള്‍ ആയിരുന്നു. കഥപറയുന്നവര്‍ക്ക് സ്വന്തമായി ദേശമോ മതമോ ജാതിയോ ഉണ്ടാകരുത്. ലോകവ്യഥകളാവണം അവരുടെ മൂലധനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  8 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago