ലോകത്തിലെ ഏറ്റവും വലിയ പക്ഷി വയനാട്ടിലെത്തുന്നു
കല്‍പ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ പക്ഷി വയനാട്ടിലെത്തുന്നു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്കാണ് നാല് ഒട്ടകപക്ഷികളെത്തുന്നത്. നിരവധി സവിശേഷതകളുള്ള ഒട്ടകപക്ഷി സംസ്ഥാനത്ത് പഠനത്തിനായി എത്തുന്നത് ആദ്യമായാണെന്ന് സര്‍വകലാശാലയിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വകുപ്പ് തലവനായ ഡോ. ജോണ്‍ എബ്രഹാം വ്യക്തമാക്കി.
തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ കാട്ടുപാക്കത്തെ അനിമല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് രണ്ടാണും രണ്ട് പെണ്ണുമടക്കം നാല് ഒട്ടകപക്ഷികളെ വയനാട്ടിലെ സര്‍വകലാശാല സെന്ററിലെത്തിക്കുന്നത്. ആറുമാസം പ്രായമായ ഇവക്ക് 120 കിലോയാണ് തൂക്കം. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഏഴടിയോളം നീളവും 300 കിലോവരെ തൂക്കവുമുണ്ടാവും.
ഇന്നലെ തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പുറപ്പെട്ട ഒട്ടകപക്ഷികള്‍ 654 കിലോമീറ്റര്‍ താണ്ടി ഇന്ന് രാവിലെ ഒന്‍പതോടെ സര്‍വകലാശാലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു ഉപകരിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും പക്ഷികളെ കാണാനുള്ള സൗകര്യം സര്‍വകലാശാലയില്‍ ഒരുക്കുന്നുണ്ട്.
സര്‍വകലാശാലയിലെ ഇന്‍ഫ്‌ളക്ഷനല്‍ ലൈവ് സ്റ്റോക്ക് ഫാം പദ്ധതിയുടെ ഭാഗമായാണ് ഒട്ടകപക്ഷികളെ എത്തിക്കുന്നത്. നിലവില്‍ ആസ്‌ത്രേലിയയിലും ആഫ്രിക്കയിലുമാണ് ഇവയെ കണ്ടുവരുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഈ പക്ഷിക്ക് ചിറകുണ്ടെങ്കിലും പറക്കാനാവില്ല. റാറ്റൈറ്റ് വിഭാഗത്തില്‍പ്പെടുന്ന ഒട്ടകപക്ഷികളുടെ ദൂരക്കാഴ്ച അപാരമാണ്. 75 വര്‍ഷം ശരാശരി ആയുസുള്ള ഈ പക്ഷിഭീമന്‍ കരയില്‍ ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയ കണ്ണുള്ളതുകൂടിയാണ്.
ഇന്ന് ജിവിച്ചിരിക്കുന്ന പക്ഷികളില്‍ ഏറ്റവും വലിപ്പമുള്ള മുട്ടയുടെ ഉടമയും മറ്റാരുമല്ല. ഏകദേശം ഒന്നര കിലോഗ്രാമാണ് മുട്ടകളുടെ ഭാരം. മുട്ടയില്‍ ഒരു കോശമേ ഉള്ളുവെന്നതും ഇവയുടെ സവിശേഷതയാണ്. ഒട്ടകപക്ഷിയുടെ വരവും കാത്തിരിക്കുകയാണ് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."