നഗരത്തിന് ചിറകു വിരിച്ച് നാല് സ്വപ്‌നപദ്ധതികള്‍
കോഴിക്കോട്: നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലു സ്വപ്ന പദ്ധികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ലിംക ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ ഇടം നേടാനൊരുങ്ങുന്ന കുടുംബശ്രീയുടെ മഹിളാ മാള്‍, പുനരധിവാസ രംഗത്തു കോഴിക്കോട് കോര്‍പറേഷന്റെ സ്വപ്നപദ്ധതിയായ കല്ലുത്താന്‍കടവിലെ ഫ്‌ളാറ്റ്, രാമാനാട്ടുകരയിലെയും തൊണ്ടയാട്ടെയും മേല്‍പ്പാലം, കോടതികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്ന കോടതി കോംപ്ലക്‌സ് എന്നിവയുടെ അവസാനഘട്ട പ്രവൃത്തികളാണു പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ കഴിഞ്ഞ് എത്തുന്നതിനു മുന്‍പ് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി ഉദ്ഘാടനം സജ്ജമാക്കുകയാണു ലക്ഷ്യം.
കുടുംബശ്രീയുടെ 'ശ്രീ'യാകാന്‍ മഹിളാ മാള്‍
പൂര്‍ണമായി വനിതകള്‍ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏക മാള്‍ ആകാന്‍ ഒരുങ്ങുകയാണു കുടുംബശ്രീയുടെ മാള്‍. ഉദ്ഘാടനത്തോടെ മാള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കും. അഡ്മിനസ്‌ട്രേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്ക് എതിര്‍വശത്താണു മാള്‍.
54 സെന്റില്‍ 36,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ചു നിലകളുള്ള മാളിന്റെ താഴത്തെ നിലയില്‍ ചെറുകിട സംരംഭകരുടെ സ്ഥിരം വിപണിയായി 26 കൗണ്ടറുകളുമായി മൈക്രോ ബസാറും ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി 80 ഷോപ്പ് മുറികളുമാണുള്ളത്. ഇതില്‍ 10 മുറികള്‍ മാത്രമേ ഇനി ബുക്കിങ് അവശേഷിക്കുന്നുള്ളൂ. നാലാം നിലയില്‍ കുടുംബശ്രീയുടെ ടെക്‌നോ വേള്‍ഡ് ട്രെയിനിങ് സെന്റര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, വനിതാ കോപറേറ്റിവ് ബാങ്ക് കൗണ്ടര്‍, വനിതാ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഹെല്‍പ്പ് ഡസ്‌ക്, ഷീ ടാക്‌സി ഹെല്‍പ്പ് ഡെസ്‌ക്, വനിതകളുടെ വിവിധ സര്‍വിസസുകളുടെ കിയോസ്‌ക് തുടങ്ങിയവ പ്രവര്‍ത്തിക്കും.
ഇതുകൂടാതെ മില്‍മ, ഖാദി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളും മാളില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചാം നിലയില്‍ 3.100 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ ഇലക്‌ട്രോണിക് പ്ലേ സോണ്‍ സംവിധാനം ചെയ്യുന്നുണ്ട്. കൂടാതെ റൂഫ് ഗാര്‍ഡനില്‍ വിപുലമായ സംവിധാനങ്ങളോടെ ഫുഡ് കോര്‍ട്ട് ഒരുക്കും. രണ്ട് പ്രമുഖ ബാങ്കുകളുടെ എ.ടി.എം കൗണ്ടറും പ്രാര്‍ഥനാമുറിയും മാളില്‍ സജ്ജീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ മൈക്രോ ബസാറാകും ഇത്.
വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ ഫ്‌ളാറ്റ്
അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാനുള്ള അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ആഗ്രഹം നിറവേറുന്നു. കല്ലുത്താന്‍ കടവിലെ ഫ്‌ളാറ്റിന്റെ ഉദ്ഘാടനത്തിനു ഇനി ദിവസങ്ങള്‍ മാത്രം. കല്ലുത്താന്‍ കടവിലെയും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെയും കോളനികളിലെ ജനങ്ങള്‍ക്കായാണു ഫ്‌ളാറ്റ് നിര്‍മിച്ചത്. എല്ലാ സൗകര്യങ്ങളുമുള്ള 140 ഫ്‌ളാറ്റുകളാണു കല്ലുത്താന്‍കടവിലെ കെട്ടിടത്തിലുള്ളത്.
ഒരു ബെഡ്‌റൂം, അടുക്കള, ഡൈനിങ് റൂം, ശുചിമുറി എന്നിവയടങ്ങിയതാണ് ഒരു കുടുംബത്തിനു നല്‍കുന്ന ഫ്‌ളാറ്റ്. ഏഴു നിലയുള്ള ഫ്‌ളാറ്റ് ബി.ഒ.ടി അടിസ്ഥാനത്തില്‍ കല്ലുത്താന്‍ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണു നിര്‍മിക്കുന്നത്. 2005ലാണ് കല്ലുത്താന്‍ കടവിലെ നിവാസികളുടെ ദുരിതത്തിന് അറുതിയുണ്ടാക്കാന്‍ കോര്‍പറേഷന്‍ പദ്ധതികള്‍കൊണ്ടുവരുന്നത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2009ല്‍ ശിലാസ്ഥാപനം നടത്തി. പിന്നീട് ഏഴുവര്‍ഷം നീണ്ട കാത്തിരിപ്പ് . 2016 ഒക്ടോബറില്‍ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചു. നിര്‍മാണം ആരംഭിച്ചതിനു ശേഷം പിന്നെ വൈകിയില്ല. അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
കോടതികള്‍ ഒരു കുടക്കീഴിലേക്ക്
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്നതിനായി ആരംഭിച്ച കോടതി സമുച്ചയം മുഖ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതിയുടെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2010ലാണു കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണത്തിനു തുടക്കമിട്ടത്. കരാറുകാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആറു വര്‍ഷത്തോളം കെട്ടിട നിര്‍മാണം നിലച്ചു. തുടര്‍ന്ന് റീ ടെന്‍ഡര്‍ വഴി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 2016ല്‍ നിര്‍മാണം ഏറ്റെടുത്തതോടെയാണു കെട്ടിടനിര്‍മാണം വേഗത്തിലായത്. 15.24 കോടി രൂപയാണു പദ്ധിതിച്ചെലവ്.
അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും പൊലിസിന്റെയും ന്യായാധിപരുടെയും ആവശ്യമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. നിലവില്‍ കോടതി വളപ്പിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചാണ് 2010ല്‍ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നത്. പ്രധാനപ്പെട്ട 11 കോടതികള്‍ കോടതിവളപ്പിനു പുറത്താണ് പ്രവര്‍ത്തിച്ചിരുന്നത്.
പാസ്‌പോര്‍ട്ട് ഓഫിസിനു സമീപം വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി, അഡിഷണല്‍ ജില്ലാ സെഷന്‍സ് നാലാം കോടതി, വഖഫ് ട്രിബ്യൂണല്‍, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍, കോടതി റോഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതി, ജെ.എഫ്.സി.എം കോടതി മൂന്ന്, കോടതി നാല്, കോടതി ഏഴ്, അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി അഞ്ച്, ഫോറസ്റ്റ് ട്രിബ്യൂണല്‍ എന്നിവയാണ് ഒരു കുടക്കീഴിലാകുന്നത്. ഇവയ്ക്കു പുറമെ സ്ത്രീകളും കുട്ടികളും ഇരകളായുള്ള കേസില്‍ വാദം നടക്കുമ്പോള്‍ ഇരകള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായുള്ള വള്‍നറബിള്‍ വിറ്റ്‌നസ് ഡെപോസിഷന്‍ സെന്റര്‍(വി.ഡബ്ല്യു.ഡി.സി), ഫാസ്റ്റ് ട്രാക്ക് കോടതിയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
യാത്ര സുഖകരമാക്കാന്‍ മേല്‍പ്പാലങ്ങള്‍
തൊണ്ടയാട്, രാമനാട്ടുകര ദേശീയ പാതയിലെ മേല്‍പ്പാലങ്ങള്‍ അടുത്തമാസം പകുതിയോടെ പൂര്‍ത്തിയാകും. കോഴിക്കോട്ടെ ഏറ്റവുമധികം തിരക്കുള്ള ജങ്ഷനുകളാണ് തൊണ്ടയാടും രാമനാട്ടുകരയും. മെഡിക്കല്‍ കോളജിലേക്കുള്ള കോഴിക്കോട് നഗരത്തിലെ പ്രധാന പാതയായ മാവൂര്‍ റോഡും ദേശീയപാതയും സംയോജിക്കുന്ന തൊണ്ടയാട്ട് മേല്‍പ്പാലം വേണമെന്ന ആവശ്യം ബൈപാസ് തുറന്ന കാലത്തുതന്നെ ഉയര്‍ന്നിരുന്നു. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നതിന്റെ പശ്ചാത്തലത്തില്‍ ആവശ്യം ശക്തമായി. മാവൂര്‍ റോഡില്‍ പാലം നിര്‍മിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഭാവിവികസനം മുന്നില്‍കണ്ടാണ് ഇതു ദേശീയപാതയ്ക്കരികില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുമ്പോള്‍ ഇപ്പോള്‍ നിര്‍മിക്കുന്ന പാലം ഏറെ ഉപകാരപ്രദമാകും. ദേശീയപാതയും പാലക്കാട് ബൈപാസും സംയോജിക്കുന്ന രാമനാട്ടുകര ജങ്ഷന്‍ തെക്കുഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള കവാടമാണ്. ദേശീയ പാതയെയും പാലക്കാട് ബൈപാസിനയും കൂടുതല്‍ ഉപകാരപ്രദമാക്കാന്‍ മേല്‍പ്പാലം വരുന്നതോടെ സാധിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണു നിര്‍മാണം നടത്തുന്നത്. കോണ്‍ക്രീറ്റ് ജോലികളെല്ലാം ഏറെക്കുറെ പൂര്‍ത്തിയായി.
വലിയ തൂണുകളില്‍ സ്പാനുകള്‍ നിരത്തിയാണു പാലം നിര്‍മിച്ചത്. രാമനാട്ടുകര മേല്‍പ്പാലത്തിനു 480 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്. തൊണ്ടയാട് മേല്‍പ്പാലത്തിനു 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."