വെണ്ടുരുത്തി പാലത്തിന്റെ ഇരുവശങ്ങളിലും ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് കോസ്റ്റല്‍ പൊലിസ്
മട്ടാഞ്ചേരി: പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയുള്ള ആത്മഹത്യക്ക് തടയിടാന്‍ പുതിയ നിര്‍ദ്ദേശവുമായി തീരദേശ പൊലിസ് രംഗത്ത്.
പാലത്തിന്റെ ഇരു കൈവരികളിലും ഉയരം കൂടിയ ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്നാണ് തീരദേശ പൊലിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തോപ്പുംപടി പാലത്തിലും ഇത്തരത്തില്‍ ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് പൊലിസ് പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഫോര്‍ട്ട്‌കൊച്ചി തീരദേശ പൊലിസ് ഇന്‍സ്‌പെക്ടറാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.തോപ്പുംപടി, വെണ്ടുരുത്തി പാലങ്ങളില്‍ നിന്ന് കായലിലേക്ക് ചാടിയുള്ള ആത്മഹത്യ വര്‍ദ്ധിച്ച് വരികയാണ്.നിരവധി പേരാണ് പാലത്തില്‍ നിന്ന് ചാടി അടുത്തിടെ ആത്മഹത്യ ചെയ്തത്. അടുത്തടുത്ത ദിവസങ്ങളില്‍ പോലും പാലത്തില്‍ നിന്ന് ചാടിയുള്ള ആത്മഹത്യ നടന്നിരുന്നു.
പാലത്തിന്റെ കൈവരികള്‍ക്ക് വേണ്ടത്ര ഉയരമില്ലാത്തതിനാല്‍ ഇവിടങ്ങളില്‍ നിന്ന് കായലിലേക്ക് ചാടുക എളുപ്പമാണ്. തോപ്പുംപടി, വെണ്ടുരുത്തി പാലങ്ങളില്‍ വലിയ ആള്‍ സഞ്ചാരമില്ലാത്തതിനാല്‍ ആത്മഹത്യക്കായി ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒരാള്‍ ആത്മഹത്യക്കായി കായലില്‍ ചാടിയാല്‍ നല്ല അടിയൊഴുക്കുള്ള ഇവിടെ നിന്ന് ഇവരെ കണ്ടെത്തുകയെന്നത് പലപ്പോഴും ദുഷ്‌ക്കരമായ കാര്യമാണ്. കൊച്ചി കായല്‍ ഒരു ആത്മഹത്യ മുനമ്പായി മാറുകയാണെന്ന ആക്ഷേപം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പലപ്പോഴും സന്ധ്യാ സമയങ്ങളിലാണ് ആത്മഹത്യക്കായി ആളുകള്‍ ഇവിടെയെത്തുന്നത്.
ഈ സാഹചര്യത്തിലാണ് പാലത്തില്‍ ഉയരത്തിലുള്ള ഗ്രില്ലുകള്‍ സ്ഥാപിക്കുകയെന്ന ആശയം പൊലിസിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. ആവശ്യം നടക്കുകയാണെങ്കില്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയുള്ള ആത്മഹത്യ ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് പൊലിസിന്റെ കണക്ക് കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."