പരപ്പനങ്ങാടി മേല്‍പ്പാല ജങ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിച്ചു
പരപ്പനങ്ങാടി: ഡിവൈഡറുകളും സൈന്‍ബോര്‍ഡുകളുമില്ലാതെ അപകടക്കെണിയായി മാറിയ പരപ്പനങ്ങാടി മേല്‍പ്പാല ജങ്ഷനില്‍ മാസങ്ങളോളമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഡിവൈഡര്‍ സ്ഥാപിച്ച് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മാതൃകയായി.
മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞതിനു ശേഷമുണ്ടായിരുന്ന താല്‍ക്കാലിക ഡിവൈഡറുകള്‍ ഇടക്കിടെ അപ്രത്യക്ഷമായതോടെ ഗതാഗത തടസവും തട്ടലും മുട്ടലും പതിവായി മാറിയിരുന്നു. മേല്‍പ്പാലമിറങ്ങി വാഹനങ്ങള്‍ വരുന്നത് പരപ്പനങ്ങാടി കടലുണ്ടി റോഡിലേക്കാണ്. ഈ റോഡാകട്ടെ എറണാകുളത്തേക്കടക്കം പോകാന്‍ കഴിയുന്ന പ്രധാനപാതയായതിനാല്‍ വലിയ തിരക്കുള്ളതായി മാറിയിരിക്കുകയാണ്. എന്നിട്ടും ഇവിടെ ശരിയായ സൈന്‍ബോര്‍ഡുകളും ഡിവൈഡറുകളും സ്ഥാപിക്കാന്‍ അധികൃതര്‍ക്കായില്ല. അധികവും രാത്രിയിലാണ് വേഗതയിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. അത്‌കൊണ്ട് തന്നെ റിഫ്‌ളക്ടര്‍ സംവിധാനത്തില്‍ മൂന്നു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ദിശ മനസിലാക്കാന്‍ കഴിയും വിധം മുഴുവന്‍ സജ്ജീകരണത്തോടു കൂടി റോഡില്‍ ഉറപ്പിച്ച് നിര്‍ത്തിയ നിലയിലാണ് ഡിവൈഡര്‍ സ്ഥാപിച്ചിട്ടുള്ളത് .
പി.ഒ അബ്ദുല്‍സലാം, കെ അബ്ദുല്‍ഗഫൂര്‍, എ ശ്രീജിത്ത്, ഷഫീഖ് ഉള്ളണം, സഫ്‌വാന്‍ ഉള്ളണം, ശറഫുദ്ദീന്‍ കൊടപ്പാളി, നൗഫല്‍ പുത്തരിക്കല്‍, ജിതേഷ് പാലത്തിങ്ങല്‍, ജിബിന്‍ പരിയാപുരം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."