മധുരനൊമ്പരക്കാറ്റായ് ഷഹീന് അബ്ദുല്ലയുടെ ചെറുകവിതകള്‍
കാസര്‍കോട്: ''ഇതിലെ കവിതകള്‍ നോവാണ്, പൂവാണ്, പകലിനെ മൂടുന്ന പുതുവെയിലാണ്''... പുസ്തകത്തിന്റെ പുറംചട്ടയില്‍ കുറിച്ചിട്ട എതാനും വരികളില്‍ ഈയൊരു വരി മാത്രം മതിയാകും ഷഹീന് അബ്ദുല്ലയുടെ കവിതാസമാഹാരത്തെ പരിചയപ്പെടുത്താന്‍. ഹൈക്കു കവിതകള്‍ കൊണ്ട് വായനക്കാരുടെ ഹൃദയം കവരുകയാണ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഷഹീന് അബ്ദുല്ല. ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെറുകവിതകള്‍ 'നിലാവ് കരഞ്ഞ മുല്ലമൊട്ടുകള്‍' എന്ന പേരില്‍ പുസ്തകരൂപത്തിലായപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളും, പ്രകൃതിയും, മാനുഷിക മൂല്യങ്ങളും ഒക്കെയാണ് ഷഹീന് ചെറുവരികളായി കുറിച്ചിടുന്നത്. മനസ്സിനെ ആകര്‍ഷിക്കുന്നതോ വേദനപ്പെടുത്തുന്നതോ ആയ എന്തിലും ഷഹീനിന്റെ തൂലികയുടെ മഷിപുരളുന്നു. അതുകൊണ്ടുതന്നെ ഈ യുവാവ് ലളിതമായ ഭാഷയില്‍ കുറിച്ചിടുന്ന വരികള്‍ വായനക്കാരന് ഒരു മധുരനൊമ്പരക്കാറ്റുപോലെയാണ് അനുഭവപ്പെടുന്നത്. കണ്ട കാഴ്ച്ചകളും അവരുടെ അനുഭവങ്ങളുമാണ് ആ വരികളില്‍ അവര്‍ക്ക് ദൃശ്യമാകുന്നത്.
ചെറുപ്പം തൊട്ടേ എഴുത്തില്‍ തത്പരനായിരുന്ന ഷഹീന് സ്കൂളിലെ രചനാ മത്സരങ്ങളിലടക്കം സജീവമായിരുന്നു. കവിതകളും, ചെറുകഥകളും, ഉപന്യാസവും ഒക്കെയായിരുന്നു അന്നത്തെ മേഖല. ഫേസ്ബുക്കിലൂടെയാണ് ചെറുകവിതകള്‍ എഴുതിത്തുടങ്ങിയത്. 'കലപില' എന്ന ഫേസ്ബുക്ക് പേജില്‍ താനെഴുതിയ കവിതകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ചെറുകവിതാ രചനയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നത്. ഗ്രൂപ്പ് അഡ്മിനായ അനില്‍ സേതുമാധവന് മികച്ച പിന്തുണയാണ് നല്‍കിയതെന്ന് ഷഹീന് പറഞ്ഞു.
സുഹൃത്തുക്കളുടെയടക്കം പ്രോത്സാഹനത്തെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെറുകവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചത്. പെന്‍ഡുലം ബുക്ക്സ് കോഴിക്കോടാണ് പ്രസാധകര്. കുടംബക്കാരും നാട്ടുകാരും ഉള്‍പ്പെടെ നല്ല പ്രോത്സാഹനമാണ് തനിക്ക് നല്‍കുന്നതെന്ന് ഈ യുവ എഴുത്തുകാരന് പറയുന്നു. പരേതരായ എരിയപ്പാടിയിലെ ഷംസുദ്ധീന്റെയും മൊഗ്രാല്‍ പുത്തൂരിലെ സൈനബയുടെയും മകനായ ഷഹീന് അബ്ദുല്ല ദുബായില്‍ ജോലി ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."