സുശാന്തിന്റെ ആത്മഹത്യ: മാധ്യമങ്ങള്‍ക്ക് നോട്ടിസ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്
ന്യൂഡല്‍ഹി/മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ ചാനലുകള്‍ക്കും വിവിധ സോഷ്യല്‍മീഡിയ ഉടമകള്‍ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നതിനിടെ വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് മാനദണ്ഡം പാലിക്കണമെന്ന് ജസ്റ്റിസ് രാജീവ് സുധാകര്‍ നിര്‍ദേശിച്ചു. കേസ് അടുത്തമാസം 14ന് വീണ്ടും പരിഗണിക്കും. അതിന് മുന്നോടിയായി പ്രതികരണം അറിയിക്കാനാണ് നോട്ടിസിലെ ആവശ്യം.
അതേസമയം, ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ മുംബൈയിലെ വസതിയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) റെയ്ഡ് നടത്തി. അന്ധേരി, ബാന്ദ്ര, ഖര്‍ എന്നിവിടങ്ങളിലുള്ള താരത്തിന്റെ വസതികളിലാണ് റെയ്ഡ്.
ബോളിവുഡ് സിനിമാ വ്യവസായത്തില്‍ സമീപകാലത്തുണ്ടായ ലഹരിമരുന്ന് ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ അര്‍ജുന്റെ കാമുകി ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിനെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ലഹരിമരുന്നുകള്‍ പിടികൂടുകയുമുണ്ടായി.
കഴിഞ്ഞ ശനിയാഴ്ച ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടില്‍ നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുക്കുകയും ഫിറോസിന്റെ ഭാര്യ ഷബാന സെയ്ദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഷബാനയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്. ഇതിനുശേഷം വിശദമായി ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി അറിയിച്ചു. കേസില്‍ ഫിറോസിനും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശമുണ്ട്. ജൂണില്‍ നടന്‍ സുശാന്ത് സിങ് രജപുത് ജീവനൊടുക്കിയതിന് പിന്നാലെയാണ് രാജ്യത്തെ സിനിമാ വ്യവസായത്തിലെ ലഹരിമരുന്ന് ഇടപാടിലേക്ക് എന്‍.സി.ബിയുടെ അന്വേഷണം നീണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."