16 ഉള്‍നാടന്‍ മത്സ്യഭവനുകള്‍ പുതുതായി ആരംഭിക്കും
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഒന്നാം ഘട്ടമായി 16 ഉള്‍നാടന്‍ മത്സ്യഭവനുകള്‍ പുതുതായി ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിലേക്ക് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെയും സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസിന്റെയും 16 വീതം തസ്തികകള്‍ സൃഷ്ടിക്കും.
ശുചിത്വമിഷനില്‍ അസി. കോ-ഓഡിനേറ്റര്‍ (ഐ. ഇ.സി), അസി. കോ-ഓഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) എന്നിങ്ങനെ 14 തസ്തികകള്‍ വീതം സൃഷ്ടിക്കും. ഈ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും. സമഗ്ര ശിക്ഷാ കേരളയിലെ സ്റ്റാഫ് ഘടന അംഗീകരിച്ച് 40 അധിക തസ്തികകള്‍ അനുവദിച്ച ഉത്തരവ് സാധൂകരിച്ചു. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആലപ്പുഴ - ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ നിര്‍മാണം, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പുനര്‍നിര്‍മാണം തുടങ്ങിയവയ്ക്ക് ആവശ്യമായിവരുന്ന തുക കേരള പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് ലഭ്യമാക്കുന്ന വായ്പയില്‍ നിന്ന് അനുവദിക്കും. വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് ഭാഗികമായി വിനിയോഗിക്കും. 100 കോടി രൂപ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് നല്‍കണമെന്ന ഭേദഗതി അംഗീകരിച്ചു. നാഷനല്‍ പെന്ഷന് സ്കീം റിവ്യൂ കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കും. കെ.എന്‍ സതീഷിനെ സപ്ലൈകോ സി.എം.ഡിയായി നിയമിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."