ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലിസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വ്യക്തമാക്കി ഫൊറന്‍സിക് വിഭാഗം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. ഫാന്‍ അമിതമായി ചൂടായി കത്തിയതാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. തീപിടിത്തം വിഡിയോ രൂപത്തില്‍ പുനരാവിഷ്‌കരിച്ച് പുറത്തുവിടുകയും ചെയ്തു. സെക്ഷനിലെ കേടായ ഫാന്‍ ആരോ അബദ്ധത്തില്‍ ഓണാക്കിയതിനെ തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടിത്തതിന് കാരണമെന്നാണ് പൊലിസിന്റെ നിഗമനം. ഫാന്‍ ഓണായതിന് പിന്നാലെ വയറിങില്‍ താപനില ഉയര്‍ന്ന് തീപ്പൊരി ഫയലുകളിലേക്കും കര്‍ട്ടനുകളിലേക്കും പടര്‍ന്നുവെന്നാണ് പൊലിസ് പറയുന്നത്.
രണ്ട് മദ്യക്കുപ്പികള്‍ തീപിടിത്തമുണ്ടായ മുറിക്ക് സമീപത്തുനിന്ന് കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്നും തീപിടിത്തമുണ്ടായ മുറിക്ക് അകലെയുള്ള ക്യാബിനില്‍ നിന്നാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയതെന്നും ഇത് സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. തീപിടിത്തതിന് കാരണമായേക്കാവുന്ന ഏതെങ്കിലും ഇന്ധനങ്ങളുടെയോ രാസവസ്തുകളുടെയോ സാന്നിധ്യം തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടില്ല.
2013ല്‍ നിര്‍മിച്ച പൊളാര്‍ കമ്പനി വാള്‍ ഫാനില്‍ ഇലക്ടിക്കല്‍ തകരാര്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിന് മുകളിലെ പേപ്പറില്‍ വീണ് തീപിടിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൂര്‍ണമായി കത്തിനശിച്ച ഫാനിന്റെ എം.സി.ബി ട്രിപ്പായ അവസ്ഥയിലായിരുന്നു. ഫാനിലേക്കുള്ള കണക്ഷന്‍ വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എം.സി.ബി ട്രിപ്പാകാന്‍ സാധ്യതയുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ച ഫാനും വയറും 'ഓഗര്‍ ഇലക്ട്രാണ്‍ സ്‌പെക്‌ട്രോസ്‌കോപ്പി' സംവിധാനമുള്ള നാഷണല്‍ ലാബില്‍ പരിശോധനയ്ക്കയക്കും. ഇവയുടെ പരിശോധനാഫലം ലഭിച്ചാലുടന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഫാനിന്റെ സാങ്കേതിക തകരാരും കത്താനിടയായതും പരിശോധിക്കാനുള്ള നൂതന സംവിധാനം നിലവില്‍ കേരളത്തിലെ ഫൊറന്‍സിക് ലാബുകളിലില്ല. വിഷ്വല്‍ ആന്‍ഡ് മൈക്രോസ്‌കോപ്പിക് പരിശോധന മാത്രമാണിവിടെ നടന്നത്. ഈ പരിശോധനയില്‍ കൃത്യതയോടെയുള്ള ഫലം ലഭിക്കില്ല. ഹൈദ്രാബാദ്, ബംഗളൂരു, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ ലാബില്‍ ഓഗര്‍ ഇലക്ട്രാണ്‍ സ്‌പെക്‌ട്രോസ്‌കോപ്പി സംവിധാനമുണ്ട്. അതിനാല്‍ ഇതില്‍ ഏതെങ്കിലും ലാബിലേക്കാകും പരിശോധനയ്ക്ക് അയയ്ക്കുക. ഇതിനുള്ള അനുമതിക്കായി പൊലിസ് കത്തയച്ചിട്ടുണ്ട്. ഫാനിന്റെ പ്ലാസ്റ്റിക് മെറ്റീരിയല്‍ ഉരുകിയതുമായി ബന്ധപെട്ട ശാസ്ത്രീയ പരിശോധനയ്ക്കുള്ള സംവിധാനവും ഇവിടെയുള്ള ലാബുകളിലില്ല. അതിനാല്‍ അതും മറ്റ് ലാബില്‍ അയയ്ക്കും. ഇതിനായി കത്തിയ ഫാനിന്റെ ഇലക്ട്രിക് സര്‍ക്യൂട്ട് യാതൊരു മാറ്റവും വരുത്താതെ നിലനിര്‍ത്തിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട എല്ലാ ഫയലുകളും സുരക്ഷിതമാണ്. തീപിടിത്തതിനുപിന്നാലെ സെക്രട്ടേറിയറ്റിലെ 4,830 ഫയലുകളും 3,000 ഫോണ്‍ വിളികളും പരിശോധിച്ചുവെന്നും അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ഇലക്ട്രിക്കല്‍ ഉദ്യോഗസ്ഥര്‍, എഫ്.എസ്.എല്‍ വിദഗ്ധര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങി 98 സാക്ഷികളുടെ വിശദീകരണം തേടിയിരുന്നു.
45 വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 70 രേഖകള്‍ പരിശോധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നു സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന 222 വ്യക്തികളെ കണ്ടെത്തി വിവരങ്ങള്‍ ആരാഞ്ഞു. സ്ഥലത്തുണ്ടായിരുന്ന 4,830 ഫിസിക്കല്‍ ഫയലുകളും പരിശോധിച്ചു. കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ട ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."