കുറ്റ്യാടി നാളികേര വികസന പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്
കക്കട്ടില്‍: കുറ്റ്യാടി നാളികേര വികസന പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേര്‍ത്തതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു.
യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം മന്ത്രിയുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. ഭൂമിക്കു ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാനും നിര്‍ദിഷ്ട ഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റാനും യോഗത്തില്‍ തീരുമാനമായി. സ്ഥലം പരിശോധിച്ചതിനു ശേഷം കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ നിലവിലെ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ കോടതി കേസുകളും അവസാനിപ്പിച്ചതായും നാളികേര വികസന പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നതോടെ നാളികേര കൃഷി രംഗത്തു വന്‍മുന്നേറ്റത്തിന് വഴിതുറക്കുമെന്നും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു.
നിയമസഭാ സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍വച്ച് നടന്ന യോഗത്തില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടര്‍ ഡോ. എം. ബീന, വ്യവസായ വകുപ്പ് ഡയരക്ടര്‍ വി.എം ഫ്രാന്‍സിസ്, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ അജിത് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."