വിശ്വാസ്യത നഷ്ടപ്പെടുന്ന കേരള വിജിലന്‍സ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമപാലന സംവിധാനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നത് ഇന്ത്യയില്‍ പുതിയ കാര്യമൊന്നുമല്ല. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ തെളിഞ്ഞുനില്‍ക്കുന്നൊരു പുഴുക്കുത്താണിത്. ഭരണാധികാരികളും ഭരണം പുറത്തുനിന്ന് നിയന്ത്രിക്കുന്ന ഉന്നത രാഷ്ട്രീയനേതാക്കളുമൊക്കെ ഉള്‍പ്പെട്ട നിരവധി അഴിമതി ആരോപണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ അത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമാണ്. അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുസമൂഹത്തിന്റെ സാമാന്യബുദ്ധിക്കു വ്യക്തമായി തന്നെ തോന്നുന്ന തരത്തിലുള്ള തെളിവുകളടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്ന കേസുകളില്‍ പോലും നേതാക്കള്‍ അനായാസം കുറ്റവിമുക്തരായ സംഭവങ്ങളേറെയാണ്. കേസന്വേഷിക്കുന്നവര്‍ക്കു മേലുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളും അതിന്റെ തുടര്‍ച്ചയായി തെളിവുകള്‍ കോടതികള്‍ക്കു മുന്നില്‍ എത്തിക്കുന്നതില്‍ ബോധപൂര്‍വം തന്നെ വരുത്തുന്ന വീഴ്ചയുമാണ് നേതാക്കളെ രക്ഷപ്പെടുത്തുന്നതെന്ന ആരോപണം കാലാകാലങ്ങളിലായി ഉയരാറുമുണ്ട്.
ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നു മാത്രമല്ല, ഒരുപടി മുന്നില്‍ തന്നെയാണെന്ന് കേരളത്തിലെ വിജിലന്‍സ് വിഭാഗം പലതവണ തെളിയിച്ചിട്ടുണ്ട്. അതിന് ഒരിക്കല്‍കൂടി അടിവരയിട്ടിരിക്കുകയാണ് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി. സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന കാരണവന്‍മാരിലൊരാളും തികഞ്ഞ രാഷ്ട്രീയതന്ത്രജ്ഞനുമായ കെ.എം മാണിയെ ഈ കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമത്തെ റിപ്പോര്‍ട്ടും തള്ളിയ കോടതി, കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയുമാണ്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ ബൈജു കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നതടക്കം വിജിലന്‍സിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുമുണ്ട്. വിജിലന്‍സിനു മാത്രമല്ല നേരത്തെ കേരളം ഭരിച്ച യു.ഡി.എഫിനും ഇപ്പോള്‍ ഭരിക്കുന്ന എല്‍.ഡി.എഫിനും കനത്ത തിരിച്ചടി കൂടിയായിരിക്കുകയാണ് കോടതി വിധി.
കേരളത്തില രാഷ്ട്രീയ ചേരികള്‍ തമ്മില്‍ നടക്കുന്ന മത്സരം ആദര്‍ശങ്ങളുടെയോ നിലപാടുകളുടെയോ പേരിലല്ലെന്നും അധികാരമോഹം മാത്രമാണ് ആ മത്സരത്തിന്റെ ചലന നിയമമെന്നും വ്യക്തമാക്കിത്തന്ന കേസുകൂടിയാണിത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിപ്പോയ 418 ബാറുകള്‍ക്കു 2014- 15 കാലയളവില്‍ ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന് പ്രമുഖ ബാറുടമയും ബാറുടമകളുടെ സംഘടനയുടെ നേതാവുമായ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് കേസിന്റെ തുടക്കം. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഈ ആരോപണം അന്നത്തെ സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ് വലിയ ആയുധമാക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ആദ്യം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
മാണിക്കെതിരേ തെളിവില്ലെന്നായിരുന്നു ആ അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. ഇതിനെതിരേ വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഈ അന്വേഷണത്തിലും തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍. അന്വേഷണങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി അന്ന് വ്യാപകമായ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സൂചനയുമായി അന്വേഷണോദ്യോഗസ്ഥനായിരുന്ന സുകേശന്‍ ഇതിനെതിരേ കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് മൂന്നാമത്തെ അന്വേഷണത്തിന് ഉത്തരവായത്.
അപ്പോഴേക്കും ഭരണം മാറിയിരുന്നു. ഇടതു ഭരണം തുടങ്ങിയ ശേഷമാണ് മൂന്നാം അന്വേഷണമുണ്ടായത്. ഈ ഘട്ടത്തില്‍ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടുകയും എല്‍.ഡി.എഫിനോട് ആഭിമുഖ്യമുണ്ടെന്ന സൂചന നല്‍കുകയും ചെയ്തിരുന്നു. കേസില്‍നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ നീക്കമായി ഇതു വിലയിരുത്തപ്പെട്ടു. ബാര്‍കോഴക്കേസിന്റെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തുന്നതടക്കമുള്ള സമരങ്ങള്‍ നടത്തുകയും തെരഞ്ഞെടുപ്പില്‍ ബാര്‍കോഴക്കേസ് പ്രധാന പ്രചാരണായുധമാക്കി വിജയം നേടുകയും ചെയ്ത ഇടതുമുന്നണിയാകട്ടെ, അതെല്ലാം പഴയ കഥയെന്നു പറഞ്ഞ് മാണിയെ മുന്നണിയില്‍ കൊണ്ടുവരാന്‍ നീക്കമാരംഭിക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ ഭരണത്തില്‍ നടന്ന മൂന്നാം അന്വേഷണത്തിലും മാണിയെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള ചിലര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ഈ കോടതി വിധികള്‍.
മൂന്ന് അന്വേഷണങ്ങളും നടന്ന കാലയളവുകളില്‍ മാണി സ്വീകരിച്ച വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ കാരണമുണ്ടായ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ വിജിലന്‍സ് അന്വേഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്നുണ്ട്. മൂന്ന് റിപ്പോര്‍ട്ടുകളും തള്ളിക്കൊണ്ടുള്ള കോടതി വിധികളും ഒരിക്കല്‍ കേസന്വേഷിച്ച സുകേശന്‍ തന്നെ ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടിനെതിരേ കോടതിയെ സമീപിച്ച സംഭവവുമൊക്കെ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമല്ലെന്ന സൂചന നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളീയ സമൂഹത്തിനു മുന്നില്‍ വിശ്വാസ്യത തീര്‍ത്തും നഷ്ടപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് വിജിലന്‍സ്.
കേരളത്തില്‍ കുറച്ചുപേരിലെങ്കിലും അവശേഷിക്കുന്ന രാഷ്ട്രീയ ധാര്‍മികബോധത്തിനു മുന്നില്‍ ഏറെ ഗുരുതരമാണ് മാണിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം. അതു സത്യസന്ധമായി അന്വേഷിച്ച് മാണി കുറ്റക്കാരനോ നിരപരാധിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു വിശ്വസിക്കാവുന്ന തരത്തിലുള്ള ഒരു തീര്‍പ്പുണ്ടാകേണ്ടതുണ്ട്. വിജിലന്‍സ് തന്നെ അന്വേഷണം തുടര്‍ന്നാല്‍ ആ സത്യസന്ധത നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ച് സത്യം പുറത്തുകൊണ്ടുവരാനുള്ള നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."