മുന്നോക്ക സംവരണം അശാസ്ത്രീയവും അനാവശ്യവുമെന്ന് പഠനം
തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം അശാസ്ത്രീയവും അനാവശ്യവുമാണെന്ന് പഠന റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ അഞ്ചിരട്ടിയിലധികം പ്രാതിനിധ്യം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ മുന്‍നിര അക്കാദമിക ജേണലായ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി തൊഴില്‍, വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലഘട്ടത്താണ് നിലവില്‍ വന്നത്. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെയാണ് കേന്ദ്ര സര്‍ക്കാരിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും മുന്നോക്ക സംവരണം നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇതുശരി വയ്ക്കുന്നതാണ് ഇ.പി.ഡബ്ല്യു പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
രാജ്യത്തെ 445 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എ. ഭീമേശ്വര്‍ റെഡ്ഡി, സണ്ണി ജോസ്, പിണ്ടിഗ അംബേദ്കര്‍, വിക്രാന്ത് സാഗര്‍ റെഡ്ഡി, വി.എസ് നിഷികാന്ത് എന്നീ ഗവേഷകരാണ് പഠനം നടത്തിയത്. ഈ സ്ഥാപനങ്ങളില്‍ 28 ശതമാനം ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്) ഉള്ള രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇ.ഡബ്ല്യു.എസിന് 28 ശതമാനം പ്രാതിനിധ്യം. ഈ സ്ഥാപനങ്ങള്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് 2018ല്‍ സമര്‍പ്പിച്ച സ്ഥിതിവിവരങ്ങള്‍ ആധാരമാക്കിയാണ് പഠനം നടത്തിയത്.
മെറിറ്റ് സീറ്റുകളുടെ 10 ശതമാനം സംവരണം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോള്‍ തന്നെ ഈ വിഭാഗം വിദ്യാര്‍ഥികള്‍ ആകെ സീറ്റിന്റെ 28 ശതമാനം ഉണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് നിലവില്‍ അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ അഞ്ചിരട്ടിയോളം വരും.
ഇത് പുതിയ സാമ്പത്തിക സംവരണനീക്കം സാധുതയില്ലാത്തതാണെന്ന് വ്യക്തമാക്കുന്നു.
എന്‍.ഐ.ആര്‍.എഫ് റാങ്കിങ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിഭാഗക്കാരുടെ സാന്നിധ്യം 28 ശതമാനത്തിലും മുകളിലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 445 സ്ഥാപനങ്ങളിലെ ഇ.ഡബ്ല്യൂ.എസ് വിദ്യാര്‍ഥികളുടെ സാന്നിധ്യം മെഡിക്കല്‍, എഞ്ചിനീയറിങ്, നിയമം, മാനേജ്‌മെന്റ് തുടങ്ങി പഠനവിഷയങ്ങളുടെ ഇനം തിരിച്ച പട്ടികകളും ശതമാനക്കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ മുന്നോക്ക സംവരണം നടപ്പാക്കിയപ്പോള്‍ നീക്കിവെച്ച സീറ്റുകള്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടന്നതും ഇതോടൊപ്പം ശ്രദ്ധേയമാണ്. എല്‍.എല്‍.ബി പ്രവേശനത്തിലും ആവശ്യക്കാരില്ലാതെ സീറ്റ് ബാക്കിയായിരുന്നു. ഇ.ഡബ്ല്യു.എസ് സംവരണത്തിന് അര്‍ഹരെ കണ്ടെത്താന്‍ കേന്ദ്രത്തിലേതിനെക്കാള്‍ ഉദാരമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടും സീറ്റൊഴിവ് വന്നതും മുന്നോക്ക സംവരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."