സര്‍ക്കാരിന്റെ ചികിത്സാസഹായ പദ്ധതിയോട് ജനത്തിന് വൈമുഖ്യം
കണ്ണൂര്‍: സമൂഹ മാധ്യമങ്ങളിലൂടെയുള്ള പിരിവെടുത്തു പാവങ്ങള്‍ക്കു സഹായം എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയോട് ജനങ്ങള്‍ക്ക് വൈമുഖ്യം. സാമൂഹ്യ സുരക്ഷാമിഷനു കീഴിലുള്ള വി കെയര്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെങ്കിലും അപേക്ഷ നല്‍കി ദീര്‍ഘസമയം കാത്തിരിക്കേണ്ടതാണ് രോഗികള്‍ക്കു വിനയാകുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്ന വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അപേക്ഷനല്‍കി പണം ലഭിക്കാന്‍ മാസങ്ങളെടുക്കുന്നതാണു സാധാരണക്കാരെ പദ്ധതിയില്‍ നിന്നകറ്റാന്‍ കാരണം.
മരണത്തിന്റെ വക്കില്‍ നില്‍ക്കുന്നവര്‍ പോലും ചികിത്സയ്ക്ക് പണം ലഭിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പിരിവെടുക്കുന്നവരെ സമീപിക്കുകയാണു നിലവിലെ രീതി. ഇതുവഴി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം സഹായം ലഭിക്കുകയും ചെയ്യും. വി കെയര്‍ പദ്ധതി വഴി ഇതുവരെ നാലുകോടി രൂപയാണു സംസ്ഥാനത്തെ രോഗികള്‍ക്കായി ചെലവഴിച്ചത്. അഞ്ഞൂറോളം പേര്‍ക്കാണു വിവിധ ചികിത്സാസഹായം കൈമാറിയത്. അപേക്ഷകള്‍ ലഭിച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ക്കുള്ള സഹായങ്ങള്‍ ലഭിക്കുന്നത്.
2017-18 വര്‍ഷത്തില്‍ 79 ലക്ഷം രൂപയും 2018-19 വര്‍ഷത്തില്‍ 2.64 ലക്ഷം രൂപയും 2019 മുതല്‍ ഇതുവരെ 58 ലക്ഷം രൂപയുമാണു സംസ്ഥാനത്തെ വിവിധ രോഗികള്‍ക്കു ചികിത്സാ സഹായമായി നല്‍കിയത്.
വൃക്ക രോഗവുമായി ബന്ധപ്പെട്ട ചികിത്സാ സഹായമാണ് ഏറെയും ലഭിക്കുന്നത്. എന്നാല്‍ ചികിത്സാസഹായത്തിന് അപേക്ഷ നല്‍കി ചികിത്സാസഹായം ലഭിക്കാന്‍ ചുരുങ്ങിയത് ഒരുമാസം വരെ സമയമെടുക്കുന്നുണ്ട്. കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണു വി കെയര്‍ പദ്ധതിക്ക് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത്.
വി കെയറില്‍ ലഭിച്ച അപേക്ഷ ജില്ലാ കോഡിനേറ്റര്‍ നേരിട്ട് അപേക്ഷകന്റെ വീട്ടിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് മെഡിക്കല്‍ കമ്മിറ്റിയില്‍ വയ്ക്കുകയും ഇവരുടെ ശുപാര്‍ശയില്‍ സംസ്ഥാനതല ഗവേണിങ് ബോഡിയാണ് അന്തിമമായി ചികിത്സാസഹായം അനുവദിക്കുക. ഇതാണു പലരോഗികള്‍ക്കും വിനയാകുന്നത്. വേഗത്തില്‍ ചികിത്സാസഹായം ലഭിക്കാനാണെങ്കില്‍ സ്ഥലം എം.എല്‍.എയുടേയോ എം.പിയുടേയോ ശുപാര്‍ശ വേണം. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ സഹായം അഭ്യര്‍ഥിച്ച് ചിലര്‍ തട്ടിപ്പ് നടത്തുന്നതു നല്ലരീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും വിനയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."