അഴിമതി കേസ്: നവാസ് ശരീഫിനെയും മകളെയും മരുമകനെയും വിട്ടയക്കണമെന്ന് കോടതി
ഇസ്‌ലാമാബാദ്: പാനമ അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെയും മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവരെയും ജാമ്യം നല്‍കി വിട്ടയക്കാന്‍ കോടതി ഉത്തരവ്.
മൂന്ന് പേര്‍ക്കും വിധിച്ച തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാനമ കേസില്‍ വിചാരണക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. അഞ്ച് ലക്ഷം പാക് രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോടതി ഉത്തരവ് പുറത്തുവന്നതോടെ ഇന്നലെ വൈകിട്ടോടെ റാവല്‍പിണ്ടി അഡിയാല ജയിലില്‍ നിന്ന് മൂന്ന് പേരും പുറത്തിറങ്ങി. നവാസ് ശരീഫിന്റെ മോചനത്തോടെ പാകിസ്താന്‍ മുസ്‌ലിം ലീഗ് - എന്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ കോടതി വിധിയെ സ്വീകരിച്ചത്.
നവാസ് ശരീഫും സഫ്ദറും ചേര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാവുന്നതുവരെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി)ഉത്തരവ് സ്റ്റേ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് അതര്‍ മിനല്ലാഹ്, ജസ്റ്റിസ് മിനാഗുല്‍ ഹസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കോടതി വിചാരണ കേള്‍ക്കാനായി പി.എം.എല്‍ - എന്‍ പ്രസിഡന്റ് ഷെഹബാസ് ശരീഫ്, പാര്‍ട്ടി നേതാക്കന്മാരായ ഖ്വാജ ആസിഫ്, അഹ്‌സന്‍ ഇക്ബാല്‍ എന്നിവര്‍ എത്തിയിരുന്നു. ഹൈക്കോടതിവിധി നീതിയുടെ വിജയമാണെന്ന് ശഹബാസ് ശരീഫ് പറഞ്ഞു.
എന്നാല്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി വിധിക്കെതിരേ എന്‍.എ.ബി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജാവേദ് ഇക്ബാല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും.
കഴിഞ്ഞ ജൂലൈ ആറിനാണ് എന്‍.എ.ബി കോടതി മൂന്ന് പേര്‍ക്കുമുള്ള ശിക്ഷ വിധിച്ചത്. ശരീഫിന് പത്ത് വര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷവും, സഫ്ദറിന് ഒരു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയെന്ന പാനമ പേപ്പര്‍ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ശരീഫിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത്‌നിന്ന് അയോഗ്യനാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."