ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നയപ്രഖ്യാപനത്തിലെ കെണി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പിയുടെ പ്രഖ്യാപിതനയം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒളിച്ചു കടത്തിയിട്ടുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം പ്രാവര്‍ത്തികമാക്കാന്‍ എം.പിമാര്‍ സഹകരിക്കണമെന്നാണ് രാഷ്ട്രപതി പറയുന്നത്. എല്ലാവരെയും ഒന്നായി കാണുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തിക്താനുഭവങ്ങള്‍ രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ മറന്നിട്ടില്ല. മുസ്‌ലിംകളും ദലിതുകളും ക്രൂരമായ പീഡനങ്ങളാണ് സംഘ്പരിവാറില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം അനുഭവിച്ചത്.
തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിച്ചതായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മാധ്യമങ്ങളുടെയും കോര്‍പറേറ്റുകളുടെയും അകമഴിഞ്ഞ സഹായത്തോടെയും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയുമുള്ള തെരഞ്ഞെടുപ്പ് എങ്ങനെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുക?
എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കലാണ് ലക്ഷ്യമെന്നും പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും തന്നെയായിരിക്കും വരാനിരിക്കുന്ന വര്‍ഷങ്ങളിലുമുണ്ടാവുക. 13,000 കോടി രൂപയുടെ കര്‍ഷക ക്ഷേമപദ്ധതി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാക്കിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന രൂക്ഷമായ കര്‍ഷക പ്രക്ഷോഭങ്ങളായിരിക്കണം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും അങ്ങനെ കരുതിയാല്‍ മതി. കര്‍ഷക ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞതും യാഥാര്‍ഥ്യമാകണമെന്നില്ല. കോര്‍പറേറ്റ് ചങ്ങാത്തം തുടരുന്ന ഒരു സര്‍ക്കാരിന് കര്‍ഷക ക്ഷേമമുണ്ടാക്കാന്‍ കഴിയില്ല.
വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അംഗീകാരമാണ് ജനവിധി എന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതു കൊണ്ടായിരുന്നില്ലേ പുല്‍വാമയും ബാലാകോട്ടും പറഞ്ഞ് ജനങ്ങളെ ദേശീയ ഭ്രാന്തിന്റെ വക്കോളമെത്തിച്ച് വോട്ടുനേടിയത്. മഹാകവി രവീന്ദ്രനാഥ് ടാഗോറിനെയും ശ്രീനാരായണ ഗുരുവിനെയും കൂട്ടുപിടിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗം അവരുടെ ആശയങ്ങളില്‍നിന്ന് എത്രയോ കാതം ദൂരെ നില്‍ക്കുന്ന ഒരു സര്‍ക്കാരിന്റെ നയത്തെ മറച്ചുപിടിക്കാനാണ്. ആദിവാസി ക്ഷേമം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് പറയുന്നത് വിശ്വാസത്തിലെടുക്കാനാവില്ല. ആദിവാസികളെ മാവോയിസ്റ്റുകളായി മുദ്രകുത്തി വെടിവച്ചു കൊല്ലുകയും അവരുടെ ഭൂമി അന്യായമായി പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നതാണോ ആദിവാസി ക്ഷേമം?
ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പെടുത്തുമെന്ന് പറയുന്നതും വിശ്വസിക്കാനാവില്ല. ജി.എസ്.ടി എന്ന നികുതി സമ്പ്രദായത്തിലൂടെ ചെറുകിട വ്യാപാരത്തിന്റെ നട്ടെല്ല് തന്നെ ഒടിച്ചവരുടെ ഈ വാഗ്ദാനം എങ്ങനെ വിശ്വസിക്കും? യുവാക്കള്‍ക്കായി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ തൊഴില്‍രഹിതരായത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലാണെന്ന പഠനം കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. കോര്‍പറേറ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്നതിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാവുകയായിരുന്നുവെന്ന യാഥാര്‍ഥ്യം ബി.ജെ.പി സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന ബന്ധം ശക്തിപ്പെടുത്തുമെന്ന് പറയുന്നതും പാഴ്‌വാക്കാണ്. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ കേരളത്തെ അനുവദിക്കാതിരുന്നവരാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ച് വാചാലമാകുന്നത്. കിട്ടാവുന്ന വിദേശ ധനസഹായമെല്ലാം ബി.ജെ.പി സര്‍ക്കാര്‍ മുടക്കി. കേന്ദ്രമൊട്ട് സഹായിച്ചതുമില്ല. ഉത്തരേന്ത്യയില്‍ നിത്യേനയെന്നോണം സ്ത്രീകള്‍ കൂട്ടബലാത്സംഗങ്ങള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ സ്ത്രീ സുരക്ഷ പ്രധാനമായിരിക്കുമെന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്?
സ്ത്രീ സുരക്ഷയുടെ പേരിലാണ് മുത്വലാഖ് നിരോധിക്കുന്നത്. മുസ്‌ലിം പുരുഷന്മാരെ അന്യായമായി ജയിലിലടക്കാനുള്ള നിഗൂഢ പദ്ധതിക്കപ്പുറമൊന്നുമല്ല മുത്വലാഖ് നിരോധനം. ഇതിനെല്ലാറ്റിനുമുപരിയായിട്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി അജന്‍ഡ മറനീക്കി നയപ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നരേന്ദ്രമോദിക്ക് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ ഇന്ത്യയെ ഭാവികാലത്തും ഭരിക്കാനുള്ള നിഗൂഢ പദ്ധതിയാണിത്. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും കുഴിച്ചുമൂടുന്നതോടൊപ്പം പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഉന്മൂലനം ചെയ്യുക എന്ന അജന്‍ഡ കൂടി ഈ പദ്ധതിക്കു പിന്നിലുണ്ട്. ബഹുസ്വര സമൂഹമായ ഇന്ത്യയുടെ നാനാത്വത്തെ ഇതുവഴി തകര്‍ക്കാന്‍ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍നിന്ന് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം വിട്ടുനിന്നത് ഈ കെണി ഇതില്‍ ഒളിഞ്ഞു കിടപ്പുള്ളതിനാലായിരുന്നു.
ഭരണഘടനാ തത്ത്വങ്ങളെ ഹനിച്ചുകൊണ്ടുള്ളതും പാര്‍ലമെന്ററി ജനാധിപത്യത്തെ നാമാവശേഷമാക്കുന്നതുമായിരിക്കും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംവിധാനം. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുക വഴിയായിരിക്കും ഇത് സംഭവിക്കുക. ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാല്‍പോലും ആ ഭരണകൂടത്തെ ചുമക്കേണ്ട അവസ്ഥയായിരിക്കും നിയമസഭാ സാമാജികര്‍ക്കുണ്ടാവുക. അവിശ്വാസ പ്രമേയം പാസായാല്‍ ഉടനെ ഭരണകൂടം ഒഴിഞ്ഞുപോവുക എന്ന ജനാധിപത്യ പ്രക്രിയ ഇതോടെ ഇല്ലാതാകും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ ജനവിരുദ്ധ സര്‍ക്കാരിനെ ചുമക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയോ കേന്ദ്രസര്‍ക്കാര്‍ ചട്ടുകങ്ങളായ ഗവര്‍ണര്‍മാരിലൂടെ ഭരണം നടക്കുകയോ ചെയ്യും. ഇന്ത്യ മുഴുക്കെ ഫാസിസ്റ്റ് ഭരണം നടപ്പിലാക്കാനുള്ള ഒരു കെണിയായി മാത്രമേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംവിധാനത്തെ കാണാനാകൂ. ജനാധിപത്യത്തിന്റെ സര്‍വമര്യാദകളും ലംഘിക്കുന്ന ഈ നിര്‍ദേശം പിന്‍വാതിലിലൂടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റിനെ സ്ഥാപിച്ചെടുക്കാനുള്ള ഹീനതന്ത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാനുള്ള ജനാധിപത്യാവകാശത്തെ ജനാധിപത്യത്തിന്റെ തന്നെ മാര്‍ഗമുപയോഗിച്ച് എടുത്തുകളയുന്നത് അംഗീകരിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."