ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം; രണ്ട് മരണം.
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ഇന്നലെ രാവിലെ കൊല്‍ക്കത്ത നഗരത്തിനടുത്ത ബാത്പാരയില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ചീഫ് സെക്രട്ടറി, ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. നഗരത്തില്‍ വഴിയോരകച്ചവടം നടത്തുന്ന രാംബാബു ഷാ എന്ന 17 കാരനാണ് മരിച്ച ഒരാള്‍. അക്രമങ്ങള്‍ക്കിടയില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാളാണ് മരിച്ച രണ്ടാമന്‍. പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാത്പാരയില്‍ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനായി ഡി.ജി.പി എത്തുന്നതിന് തൊട്ടുമുന്‍പായാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പൊലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പൊലിസ് നടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ മരിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം മാറ്റിവച്ചു. അക്രമങ്ങള്‍ പടരാതിരിക്കാന്‍ പ്രദേശത്ത് ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടയില്‍ ബംഗാളിലുണ്ടാകുന്ന കലാപത്തിന് പിന്നില്‍ ബി.ജെ.പിയുടെ ആസൂത്രിതമായ നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പല സംഭവങ്ങളും.
ഇന്നലെയുണ്ടായ അക്രമത്തിന് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാന രംഗം പൂര്‍ണമായും തകര്‍ന്നുവെന്നാരോപിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചു. ബി.ജെ.പിയുടെ പ്രത്യേക പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."