യുവദമ്പതികളുടെ കൊലപാതകം: പ്രതിയുടെഗള്‍ഫ് യാത്ര മുടങ്ങിയത് പൊലിസിന് തുണയായി
മാനന്തവാടി: കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വലയിലാക്കാന്‍ തുണച്ചത് ഗള്‍ഫ് യാത്രാ ഒരുക്കത്തിനിടെയുണ്ടായ അസുഖം.
ഓഗസ്റ്റ് 17ന് ഖത്തറിലേക്ക് ടിക്കറ്റെടുത്ത പ്രതി ഓഗസ്റ്റ് 15 മുതല്‍ പിടിച്ച പനിയെ തുടര്‍ന്ന് യാത്ര മാറ്റി വെക്കുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്തിരുന്ന വിശ്വനാഥന്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനാണ് മോഷണത്തിനിറങ്ങിയത്. രാത്രികാലങ്ങളില്‍ കിടപ്പുമുറികളില്‍ ഒളിഞ്ഞു നോക്കുന്ന പതിവുള്ള ഇയാള്‍ പൂരിഞ്ഞിയിലെത്തി കിടപ്പു മുറിയില്‍ നോക്കിയ ശേഷമാണ് ആയുധവുമായെത്തി കൊല നടത്തി ആഭരണങ്ങള്‍ മോഷ്ടിച്ചത്. ജൂലൈ ആറിന് തന്നെ കുറ്റ്യാടിയിലെ സ്വര്‍ണ വ്യാപാരിക്ക് എട്ട് പവനോളം വരുന്ന സ്വര്‍ണം 1,46,000 രൂപക്ക് വില്‍പന നടത്തി. സ്വന്തമായുള്ള രണ്ട് വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതയുള്‍പ്പെടെ 1,25,000 രൂപ കൊടുത്തു വീട്ടുകയും ചെയ്തു. തൊട്ടടുത്ത വീട്ടില്‍ വെച്ച് ടെലിവഷനിലൂടെ കൊലപാതക വാര്‍ത്ത കണ്ട ഇയാള്‍ കൊലപാതക കാരണം തബ്‌ലീഗ് ജമാഅത്തിലെ ഗ്രൂപ്പിസമായിരിക്കുമെന്ന് വീട്ടുടമയോട് പറഞ്ഞതായും വെള്ളമുണ്ട സ്വദേശിയായ അയല്‍ക്കാരന്‍ മൊയ്തു പൊലിസിനോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മോഷ്ടാക്കളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പൊലിസ് കുറ്റ്യാടിയില്‍ ഒരാള്‍ സ്വര്‍ണം വില്‍പ്പന നടത്തിയതായി അറിഞ്ഞതത്. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. ഇതിനിടയിലാണ് വാഹന വില്‍പ്പനക്കാരനെ പൊലിസ് കാണാനിടയാവുന്നത്. ഇയാളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് വിശ്വനാഥനെ കണ്ടെത്തി ചോദ്യം ചെയ്ത പൊലിസിന് മുന്നില്‍ ഇയാള്‍ പിടിച്ചു നിന്നു. മൊഴികളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞ പൊലിസ് രാത്രി കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് കാല്‍പാദ പരിശോധന നടത്തിയതോടെയാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.
ഇതിനിടയിലായിരുന്നു കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന ക്ഷമമായത്. ഇത് തെളിവുകള്‍ വര്‍ധിപ്പിച്ചു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു പക്ഷെ ഓഗസ്റ്റ് 17ന് ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നുവെങ്കില്‍ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസിലെ അറസ്റ്റ് അനിശ്ചിതമായി നീണ്ട് പോവുമായിരുന്നു.
അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു: ഫാത്തിമയുടെ പിതാവ്
മാനന്തവാടി: മകളും മരുമകനും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുമ്പോള്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നുവെന്നും പ്രതിയെ പിടികൂടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവ് ചെറ്റപ്പാലം, ആറങ്ങാടന്‍ മുഹമ്മദ് എന്ന മമ്മൂട്ടി പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പ്രത്യേകിച്ച് ഡിവൈ.എസ്.പി ദേവസ്യ സാറിന്, അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിലും. പ്രതിയെ പിടികൂടുന്നത് താമസിക്കുകയാണെന്ന് പലരും പരാതി പറഞ്ഞെങ്കിലും താന്‍ അന്വേഷണ സംഘത്തെ ബന്ധപ്പെടുകയോ മറ്റ് സമ്മര്‍ദം ചെലുത്താനോ ശ്രമിച്ചിട്ടില്ല. പൊലിസുകാരുടെ അധ്വാനം വിലമതിക്കാനാവാത്തതാണ്. മകളെ തിരിച്ച് കിട്ടില്ലെങ്കിലും കുറ്റം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം. കേസിനോടനുബന്ധിച്ച് ഉണ്ടായിരുന്ന വലിയ തെറ്റിദ്ധാരണകള്‍ മാറുന്നതിന് പ്രതിയെ പിടികൂടിയത് വലിയ സഹായകരമായി. കേസ് തെളിഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ പോലും പരസ്പരം സംശയത്തോടെ നോക്കി കാണുന്ന സാഹചര്യമുണ്ടാകുമായിരുന്നു. കൊലപാതകത്തോടെ ഒരു നാടിന്റ് സമാധാനമാണ് നഷ്ടപ്പെട്ടത്. ഇത്തരം ക്രൂരമായ പ്രവര്‍ത്തികള്‍ നാടിന്റെ സമാധാനമാണ് ഇല്ലാതാക്കുന്നത്. സമൂഹത്തില്‍ ബാക്കിയുള്ളവര്‍ക്ക് സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. പ്രതിയെ പിടികൂടിയതില്‍ പടച്ചവനോട് നന്ദി പറയുന്നു. ഇതിനായി പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു. ഇവര്‍ക്ക് പടച്ചവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ബുധനാഴ്ച രാവിലെ മാനന്തവാടി സ്റ്റേഷനിലെത്തി പ്രതിയെ കണ്ടിരുന്നുവെന്നും ഒരു തവണ മാത്രം മുഖത്തേക്ക് നോക്കിയെന്നും മുഹമ്മദ് പറഞ്ഞു. മുഹമ്മദ്-സൈനബ ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ മൂന്നാമത്തെയാളാണ് കൊല്ലപ്പെട്ട ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."