ഒടുവില്‍ വിവാദ തടയണ പൊളിച്ചു തുടങ്ങി
നിലമ്പൂര്‍: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു തുടങ്ങി. ഇന്നലെ രാവിലെയാണ് വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തടയണ പൊളിക്കാന്‍ തുടങ്ങിയത്. തടയണ പൊളിക്കുന്നതിന്് മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി തഹസില്‍ദാരെയും സ്ഥലത്ത് നിയോഗിച്ചു. ഏറനാട് തഹസില്‍ദാര്‍ സി. ശുഭന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍മാരും ജിയോളജി, റവന്യൂ, വനം അടക്കം വിദഗ്ധസമിതിയിലുള്‍പ്പെട്ട 10 വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര നേരത്തെ സ്ഥലത്തെത്തി തടയണപൊളിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മുകളില്‍ 12 മീറ്ററും താഴെ ആറു മീറ്റര്‍ വീതിയിലുമായിരിക്കും തടയണ പൊളിക്കുക. തടയണ പൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കലക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. തടയണ പൊളിച്ച് ജൂലൈ രണ്ടിന് മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."