വീതംവെപ്പില്‍ തര്‍ക്കം?; ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
പട്ന: ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. വീതംവെപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലും തര്‍ക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം വീതിക്കുന്നതിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ചര്‍ച്ച നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സീറ്റ് നിലയില്‍ ബി.ജെ.പിയുടെ പിന്നിലായിപ്പോയ ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നല്കിയാലും അഞ്ച് വര്‍ഷത്തേക്ക് തികച്ച് നല്കാന് ബി.ജെ.പി തയ്യാറായേക്കില്ല. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ച പാര്‍ട്ടി എം.എല്‍.എമാരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടാകും.
മാന്ത്രിക സംഖ്യ മറികടക്കാന്‍ സഹായിച്ച ചെറു പാര്‍ട്ടികളായ വികാസ് ശീല് ഇന്സാന് പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ ആവശ്യവും നിര്‍ണായകമാകും. മന്ത്രിസഭയില്‍ മോശമല്ലാത്ത പ്രാതിനിധ്യം ഇരു പാര്‍ട്ടികളും മുന്നോട്ടുവെച്ചേക്കും.
എല്‍.ജെ.പിയുമായി ബി.ജെ.പി സഖ്യം തുടരുന്നതില്‍ ജെ.ഡി.യുവിനുള്ള അതൃപ്തിയും പ്രശ്നമാകും. അതേസമയം എല്‍.ജെ.പി ഇനി എന്‍.ഡി.എയില്‍ ഉണ്ടാവില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഒരു അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇതിനകം തന്നെ ഇരു പാര്‍ട്ടി നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."