നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമായിരിക്കും, പക്ഷേ ഞങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്; തേജസ്വി യാദവ്
പട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ജനവിധി തങ്ങള്‍ക്കൊപ്പമായിരുന്നു, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന് തേജസ്വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും വലിയ ഒറ്റ കക്ഷി ആയ ആര്‍ജെഡിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ തേജസ്വി, ബിഹാറില്‍ ജനവിധി അട്ടിമറിക്കപ്പെടുന്നത് ആദ്യമായല്ലെന്നും ചൂണ്ടിക്കാട്ടി. മഹാസഖ്യം രൂപീകരിച്ച 2015ല്‍ ഞങ്ങള്‍ക്ക് അനുകൂലാമായാണ് വോട്ട് കിട്ടിയത്. പക്ഷേ ബിജെപി പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുത്തു' തേജസ്വി പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും പണവും മസില്‍ പവറും ഉപയോഗിച്ചു. പക്ഷേ ഈ 31കാരനെ തടയാനായില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്ന് ആര്‍ജെഡിയെ തടയാനായില്ല.'തേജസ്വി പറഞ്ഞു.
'നിതീഷ് കുമാറിന്റെ തിളക്കം എവിടെപ്പോയെന്ന് നോക്കു. അദ്ദേഹം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമായിരിക്കും, പക്ഷേ ഞങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്.' തേജസ്വി പറഞ്ഞു.
പലയിടത്തും പോസ്റ്റല്‍ ബാലറ്റ് ക്യാന്‍സല്‍ ആക്കിയെന്നും തേജസ്വി ആരോപിച്ചു. ഇത് എന്തിനാണെന്ന് സ്ഥാനാര്‍ഥികള്‍ക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചില്ലെന്നും മഹാസഖ്യത്തിന്റെ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തിക്ക് കാരണമാകുന്നുണ്ട്. മഹാസഖ്യത്തിന്റെ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസാണെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ആര്‍ ജെ ഡി നേതാക്കളും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ മടികാട്ടിയില്ല.
ഉത്തര്‍പ്രദേശില്‍ മുമ്പ് അഖിലേഷ് യാദവിനോട് ചെയ്തതാണ് ഇത്തവണ കോണ്‍ഗ്രസ് ബിഹാറില്‍ തേജസ്വിയാദവിനോട് കാട്ടിയതെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. പ്രചാരണം നടക്കുന്നതിനിടെ രാഹുല്‍ഗാന്ധി ഷിംലയില്‍ അവധി ആഘോഷിക്കാന്‍ പോയതും ചര്‍ച്ചയാവുന്നുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്കിയതും ആര്‍ജെഡിക്കുള്ളില്‍ ചര്‍ച്ചായാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."