ലൈഫ് ഭവന പദ്ധതി: മഞ്ചേരി നഗരസഭ വായ്പയെടുക്കും
മഞ്ചേരി: പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി പ്രകാരം മഞ്ചേരി നഗരസഭയില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി വായ്പയെടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 1476 വീടുകളാണ് നഗരസഭയില്‍ നിര്‍മിക്കുക. നാലു ലക്ഷം രൂപ നിരക്കിലാണ് വീടുകള്‍ക്ക് കണക്കാക്കിയത്. 1330 വീടുകളുടെ വിവരശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. 26.6 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യമായി വരിക. ഇതില്‍ 5.08 കോടി രൂപ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നീക്കിവച്ചിട്ടുണ്ട്.
മരണപ്പെട്ട ഒന്‍പത് പേരുടെ പെന്‍ഷന്‍ റദ്ധ് ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയിലെ ഐ.ജി.ബി.ടി പരസ്യ കുത്തകാവകാശവുമായി ബന്ധപ്പെട്ട ലേലം റദ്ധ് ചെയ്യാനും പയ്യനാട് കമ്യൂണിറ്റി ഹാള്‍ വിവാഹ ആവശ്യത്തിന് വേണ്ടി വാടകക്ക് എടുത്തതിന് ശേഷം പരിപാടി മാറ്റിവച്ചതുമായി ബന്ധപ്പെട്ട അജണ്ടയില്‍ വാടകയിനത്തില്‍ അടച്ച 13334 രൂപ തിരികെ നല്‍കാനും തീരുമാനമായി. 25 ശതമാനം പിടിച്ച് ബാക്കി തിരിച്ചു നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും മുഴുവന്‍ തുകയും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
മഴക്കെടുതി തകര്‍ത്ത സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ അനുവദിച്ച തുക കുറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളും നരസഭകളും 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നും മികച്ച വരുമാനവും ലഭിക്കുന്ന മഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപ മാത്രം നല്‍കാന്‍ തീരുമാനിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നഗരസഭയിലെ ജനങ്ങളെക്കൂടി അവഹേളിക്കലായെന്ന് പ്രതിപക്ഷ നേതാന് അഡ്വ. കെ ഫിറോസ് ബാബു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."